തൃശൂര്‍: ദേശമംഗലം കൊറ്റമ്പത്തൂരിൽ പടർന്ന കാട്ടുതീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ച ഫോറസ്റ്റ് വാച്ചർമാരുടെ ആശ്രിതർക്ക് ജോലി നൽകുമെന്ന് മന്ത്രി കെ. രാജു. അവരുടെ കുടുംബത്തിന് ധനസഹായവും നല്‍കും. തീയണയ്ക്കാന്‍ ആധുനിക സംവിധാനങ്ങളുടെ കുറവുണ്ടന്നും മന്ത്രി പറഞ്ഞു.
ട്രൈബൽ വാച്ചർ പെരിങ്ങൽക്കുത്ത് വാഴച്ചാൽ ആദിവാസി കോളനിയിലെ കെ.യു. ദിവാകരൻ (43), താത്കാലിക ജീവനക്കാരൻ കൊടുമ്പ് എടവണ വളപ്പിൽ വീട്ടിൽ വേലായുധൻ (54), കൊടുമ്പ് വട്ടപ്പറമ്പിൽ വീട്ടിൽ ശങ്കരൻ (48) എന്നിവരാണു മരിച്ചത്.
കൊറ്റമ്പത്തൂരിൽ കഴിഞ്ഞ രണ്ടു ദിവസമായി അടിക്കാടിനു തീപിടിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഞായറാഴ്ച രാവിലെ മുതൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവന്നിരുന്നു.
വൈകുന്നേരം നാലോടുകൂടി കാറ്റ് ദിശമാറി വീശിയതോടെ തീയണച്ചുകൊണ്ടിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിന്ന ഭാഗത്തേക്ക് തീ ആളിപ്പടരുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു ഇവർ തീയിൽപ്പെട്ടു മരിച്ചത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.