ഡൽഹി: അഞ്ചുനില കെട്ടിടത്തിന് തീപിടിച്ചതിന് പിന്നാലെ മൂന്ന് വയസുകാരിയായ മകളെ രക്ഷിക്കാനായി ബ്ലാങ്കറ്റിൽ പൊതിഞ്ഞ് താഴേക്കിട്ട് പിതാവ്. തൊട്ടുപിന്നാലെ, ഭാര്യയും 12കാരനായ മകനുമൊത്ത് ഇയാൾ താഴേക്ക് ചാടുകയും ചെയ്തു.
40കാരനായ കമൽ തിവാരിയാണ് തീപിടിത്തത്തിൽനിന്ന് കുടുംബത്തെ രക്ഷിക്കാൻ സാഹസം കാട്ടിയത്. കിഴക്കൻ ഡൽഹിയിലെ ലക്ഷ്മിനഗറിലെ ഷകർപുർ പ്രദേശത്താണ് സംഭവം. പരിക്കേറ്റ നാല് പേരും ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനാണ് കെട്ടിടത്തിന് തീപിടിച്ചത്. മൂന്ന് വയസുകാരിയായ മകളെ പുതപ്പിൽ പൊതിഞ്ഞ് രണ്ടാംനിലയിലെ ബാൽക്കണിയിൽനിന്നു താഴേക്കിട്ടതിനു പിന്നാലെ ഭാര്യ പ്രിയങ്ക (36), 12 വയസുകാരനായ മകൻ എന്നിവർക്കൊപ്പം കമലും താഴേക്ക് ചാടി. രക്ഷപ്പെടാൻ മറ്റ് മാർഗങ്ങളൊന്നുമില്ലാതായപ്പോഴാണ് ബാൽക്കണിയിൽനിന്ന് ചാടിയത്. കമലിന് ഒന്നിലധികം ഒടിവുകൾ സംഭവിച്ചു. ഇളയ കുട്ടി ആന്തരിക രക്തസ്രാവത്തെ തുടർന്ന് അബോധാവസ്ഥയിലാണ്.
പാർക്കിംഗ് ഏരിയയിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് കെട്ടിടത്തിന് തീപിടിച്ചത്. അപകടത്തിൽ 40 വയസുള്ള സ്ത്രീ മരിച്ചു. 25 പേരെ രക്ഷപ്പെടുത്തി.
നിരവധി കുടുംബങ്ങൾ ബാൽക്കണിയിൽനിന്ന് ചാടിയാണ് രക്ഷപ്പെട്ടത്. പലർക്കും പരിക്കേറ്റു. പ്രദേശത്തെ വൈദ്യുതി വിച്ഛേദിക്കുന്നതിൽ വൈദ്യുതി വിതരണ കമ്പനി (ഡിസ്കോം) വൈകിയതായി നാട്ടുകാർ ആരോപിച്ചു.