ന്യൂഡൽഹി: സെൻട്രൽ ഡൽഹിയിലെ ഹോട്ടലിൽ തീപിടുത്തത്തിൽ മരിച്ച 17 പേരിൽ ഒരു മലയാളിയും. രണ്ട് മലയാളികളെ കാണാതാകുകയും ചെയ്തു. ചോറ്റാനിക്കര സ്വദേശി ജയശ്രീ (53) ആണ് മരിച്ചത്. രക്ഷപെടാൻ ഹോട്ടലിന്റെ ജനലിലൂടെ ചാടിയ സ്ത്രീയും കുട്ടിയും മരിച്ചു.
ചേരാനല്ലൂർ സ്വദേശികളായ നളിനിയമ്മ, വിദ്യാസാഘർ എന്നിവരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഹോട്ടലിലുണ്ടായിരുന്ന 13 അംഗ മലയാളി സംഘത്തിലെ 10 പേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
അഞ്ച് നിലയിലുള്ള ഹോട്ടൽ കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു മലയാളികൾ ഉണ്ടായിരുന്നത്. വിവാഹ ചടങ്ങുകൾക്കാണ് ഇവർ ഡൽഹിയിൽ എത്തിയത്. തീപിടിത്തത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേരും ശ്വാസം മുട്ടിയാണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ നാലിന് കരോൾബാഗിലെ അർപ്പിത് പാലസ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ ആയതിനാൽ എല്ലാവരും ഉറക്കത്തിലായിരുന്നു. അതുകൊണ്ട് തന്നെ രക്ഷപെടാൻ പലർക്കും സാധിച്ചില്ല. നിമിഷനേരം കൊണ്ട് തീ ആളിപ്പടരുകയും ചെയ്തു.
രാവിലെ ഏഴോടെയാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. ഇരുപതോളം ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഹോട്ടലിൽനിന്ന് പരിക്കേറ്റവരെ ഉൾപ്പെടെ 35 പേരെ രക്ഷപെടുത്തി.