എടത്വ: വീടിന് തീ പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. തലവടി പഞ്ചായത്ത് രണ്ടാം വാർഡ് കട്ടിലിൽ വീട്ടിൽ വിലാസിനിയുടെ വീടാണ് കത്തിനശിച്ചത്. തീപിടിത്തത്തിൽ വീടിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഇന്നലെ അർദ്ധരാത്രി 12.30 ഓടെയാണ് സംഭവം. വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയും മകനും ശബ്ദംകേട്ട് എഴുന്നേൽക്കുന്പോൾ വീടിന്റെ ഒരുഭാഗം കത്തുന്നതാണ്് കണ്ടത്.
ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടുകയും പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയും ചെയ്തു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. ആശുപത്രിയിൽ പോകാനായി ബാങ്കിൽനിന്നെടുത്ത 7000 രൂപയും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു.
ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് കരുതുന്നു. പഞ്ചായത്തംഗം ഷിനോജേക്കബ് സ്ഥലം സന്ദർശിച്ചു. വിലാസിനിയും മകൻ സന്തോഷുമാണ് വീട്ടിൽ താമസിക്കുന്നത്.