തിരുവനന്തപുരം: പിഎംജി വികാസ് ലൈനിലെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വികാസ് ലൈനിൽ വാടകക്ക് താമസിക്കുന്ന നെയ്യാറ്റിൻകര സ്വദേശി സ്റ്റാൻലി ജോസിന്റെ (66) മൃതദേഹമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞ് പോലീസിന് മൊഴി നൽകി. ഇന്നലെ ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
ഭാര്യയും മകളും ഹോങ്കോങ്ങിലേക്ക് കഴിഞ്ഞ ദിവസം പോയിരുന്നു. സ്റ്റാൻലി ഇരുവരെയും യാത്ര അയച്ചിട്ട് വീട്ടിൽ എത്തിയിരുന്നു. കാൻസർ രോഗ ബാധിതനായി ഏറെ നാളായി ഇദ്ദേഹം ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് സ്റ്റാൻലി താമസിച്ചിരുന്ന വീട്ടിലെ കിടപ്പുമുറിയിലെ ജനാലയിലൂടെ തീ പടരുന്നത് അയൽവാസികൾ ശ്രദ്ധിച്ചത്. ഈ വിവരം മ്യൂസിയം പോലീസിലും ഫയർഫോഴ്സിലും അറിയിച്ചതോടെ പോലീസും ഫയർഫോഴ്സും വീട്ടിനകത്ത് കയറിയപ്പോൾ സ്റ്റാൻലിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വീട്ടിലെ ഗേറ്റും മുറിയുമെല്ലാം അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇന്ന് രാവിലെ ബന്ധുക്കൾ എത്തിയാണ് മരിച്ചത് സ്റ്റാൻലിയാണെന്ന് തിരിച്ചറിഞ്ഞത്. അസുഖ ബാധിതനായതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.
മ്യൂസിയം പോലീസ് മേൽനടപടി സ്വീകരിച്ചു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.