ആലപ്പുഴ: വേനൽ കനത്തതോടെ നാടിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന തീപിടുത്തങ്ങൾ അണയ്ക്കാൻ ഫയർഫോഴ്സ് വെള്ളം കുടിക്കുന്നു. തീ കെടുത്തുന്നതിന് ആവശ്യമുള്ള ജലം പലപ്പോഴും തീപിടുത്തമുണ്ടായ പ്രദേശത്തിന് സമീപത്തുനിന്നും ലഭ്യമാകാത്തതാണ് ഫയർഫോഴ്സിനെ വലയ്ക്കുന്നത്.
ഫയർഫോഴ്സ് വാഹനത്തിന് 5000 ലിറ്റർ സംഭരണ ശേഷിയാണുള്ളത്. മുഴുവൻ ശക്തിയും ഉപയോഗിച്ച് വെള്ളം പന്പ് ചെയ്താൽ അഞ്ച് മിനിട്ടുകൊണ്ട് വാഹനത്തിലെ ജലം തീരും. തുടർന്ന് സമീപത്തെ ജലസ്രോതസുകളിൽ നിന്നുള്ള ജലമാണ് തീകെടുത്തുന്നതിന് സാധാരണ ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ ഇത്തവണത്തെ കനത്ത വേനൽ മൂലം ഭൂരിഭാഗം ജലസ്രോതസുകളും വറ്റിയതാണ് ഫയർഫോഴ്സിനെ വെള്ളം കുടിപ്പിക്കുന്നത്.
ഫയർഫോഴ്സ് ആലപ്പുഴ യൂണിറ്റിൽ നേരത്തെ ജലം ശേഖരിച്ചിരുന്ന സംവിധാനം ചെളി കയറി തകരാറിലായതിനെത്തുടർന്ന് താൽക്കാലിക കുളം ഓഫീസ് വളപ്പിൽ നിർമിച്ചാണ് വാഹനത്തിലേക്ക് ആവശ്യമായ ജലം ശേഖരിക്കുന്നത്. നിലവിലെ രീതിയിൽ താപനില തുടർന്നാൽ അധികദിവസം ഇത്തരത്തിൽ ജലം ശേഖരിക്കാൻ കഴിയാതെ വന്നേക്കുമെന്ന ആശങ്കയുമുണ്ട്.
ഇന്ന് പുലർച്ചെ മങ്കൊന്പ് അറയ്ക്കൽ സ്കൂളിന് സമീപം മുളങ്കൂട്ടത്തിന് തീപിടിച്ചിരുന്നു. ആലപ്പുഴയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റെത്തി നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് തീ കെടുത്തിയത്. കഴിഞ്ഞദിവസം കൈനകരിയിൽ പാടശേഖരത്തിന് തീപിടിച്ചത് അണച്ചത് ഫയർഫോഴ്സിന്റെ സഹായത്തോടെയായിരുന്നു. വിളവെടുപ്പ് പൂർത്തിയായ പാടത്തുണ്ടായിരുന്ന വൈക്കോലിനായിരുന്നു തീപിടിച്ചത്.
ഫയർഫോഴ്സ് വാഹനത്തിലെ ജലം ഉപയോഗിച്ചതിനൊപ്പം തെങ്ങോലകളും മരച്ചില്ലകളും കൂടി ഉപയോഗിച്ചാണ് തീയണയ്ക്കാൻ കഴിഞ്ഞത്. ശക്തമായ തീപിടുത്തമുണ്ടാകുന്ന സ്ഥലങ്ങളിൽ ഫയർഫോഴ്സ് വാഹനത്തിലെ ജലം കൂടാതെ മറ്റ് ജലശേഖരണ സ്രോതസുകൾ ലഭ്യമാകുന്നില്ലെങ്കിൽ തീയണക്കൽ പ്രതിസന്ധിയിലായിരിക്കുകയാണ്.