ആറ്റിങ്ങൽ: ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരെ കൊണ്ടു പോയ ഫയർഫോഴ്സ് ബസിന്റെ ടയർ ഉൗരിത്തെറിച്ചു. ബസിലുണ്ടായിരുന്ന 32 ഫയർഫോഴ്സ് ജീവനക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ചരയോടെ ആറ്റിങ്ങൽ ആലംകോട് വെയിലൂരിൽ ആണ് അപകടം ഉണ്ടായത്.
ശബരിമല ഡ്യൂട്ടിക്കു പോകാനായി തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കൊല്ലത്ത് നിന്നുള്ള ജീവനക്കാരെ ബസിൽ കയറ്റി കൊണ്ട് പോകുന്പോണ് വഴിമധ്യേ ബസിന്റെ ടയറുകൾ ഊരിത്തെറിച്ചത്.
ബസിന്റെ പിറക് വശത്തെ ഇടത് സൈഡിലെ രണ്ട് ടയറുകളാണ് ഉൗരിത്തെറിച്ച് പോയത്. ഇതേത്തുടർന്ന് വലിയ ശബ്ദത്തോടെ ബസ് റോഡിൽ ഇരുന്നൂറ് മീറ്ററോളം സഞ്ചരിച്ച് നിരങ്ങി നിൽക്കുകയായിരുന്നു.
ഊരിത്തെറിച്ചുപോയ ഒരു ടയർ കണ്ടെത്താനായില്ല. അതിനായി തെരച്ചിൽ നടക്കുകയാണ്.ബസിലുണ്ടായിരുന്ന ആർക്കും പരിക്ക് പറ്റിയിട്ടില്ല.
അതേ സമയം ഈ ബസിൽ ഫയർഫോഴ്സിലെ പ്രധാനപ്പെട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. അപകടത്തെത്തുർന്ന് ബസിൽ നിന്നു പുറത്തിറങ്ങിയ ജീവനക്കാർ ഏറെ നേരം റോഡിൽ ചെലവഴിച്ചു.
പകരം വാഹനം എത്തിക്കാൻ കാലതാമസം നേരിട്ടു. പകരം സംവിധാനം ഏർപ്പെടുത്തി ഉദ്യോഗസ്ഥരെ ശബരിമലയിലേക്ക് കൊണ്ടുപോകുമെന്ന് അഗ്നിരക്ഷാ സേന അധികൃതർ അറിയിച്ചു.
ഇന്ന് വൈകുന്നേരം ശബരിമല നട തുറക്കാനിരിക്കെ പോലീസ്, ഫയർഫോഴ്സ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾ ഡ്യൂട്ടിക്കായി ഇന്നലെ മുതൽ സജ്ജരായി പന്പയിലും സന്നിധാനത്തും എത്തിയിരുന്നു. കുടുതൽ ജീവനക്കാരെ ഇന്ന് വൈകുന്നേരത്തിന് മുൻപായി വിവിധ വിഭാഗങ്ങൾ എത്തിച്ച് കൊണ്ടിരിക്കുകയാണ്.