രക്ഷിക്കണേയെന്ന് ലിഫ്റ്റില്‍ കുടുങ്ങിയ ആളുടെ ഫോണ്‍ കോള്‍! സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ ‘ആട് കിടന്നിടത്ത് പൂട പോലുമില്ല’; കോട്ടയത്ത് നടന്ന സംഭവമിങ്ങനെ

രക്ഷിക്കണേ എന്ന് വിളിയെത്തി, സ്ഥലത്തെത്തി കഴിയുമ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെടുന്നതും അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണത്താല്‍ ചമ്മി തിരിച്ച് പോരേണ്ടി വരുന്നത് ഫയര്‍ഫോഴ്‌സിനെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന ഒരു സംഭവത്തില്‍ ഫയര്‍ഫോഴ്‌സിന് സംഭവിച്ച അബദ്ധം ആരിലും ചിരി ഉണര്‍ത്തുന്നതാണ്.

വൈദ്യുതി നിലച്ച് ലിഫിറ്റിനുള്ളില്‍ കുടുങ്ങിയ ആളെ രക്ഷിക്കാന്‍ പാഞ്ഞെത്തിയ അഗ്‌നിരക്ഷാസേന ഒടുവില്‍ ശശി ആയതാണ് സംഭവം. ലിഫ്റ്റിനുള്ളില്‍ പെട്ടതോടെ പരിഭ്രാന്തനായ ആള്‍ ഉടന്‍ വിളിച്ചത് 101-ലേക്കായിരുന്നു എന്നാല്‍ അഗ്‌നിരക്ഷാസേന എത്തുമ്പോഴേക്കും വൈദ്യുതിയെത്തി. അതോടെ ഇയാള്‍ പുറത്തിറങ്ങി പോവുകയും ചെയ്തു.

ബുധനാഴ്ച വൈകീട്ട് 5.10-ന് സംക്രാന്തിയിലെ സ്വകാര്യ വ്യാപാര സമുച്ചയത്തിലാണ് സംഭവം. ഇയാള്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ വൈദ്യുതി നിലക്കുകയും ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു. ഇതോടെ എന്തു ചെയ്യണമെന്ന് അറിയാതെ പരിഭ്രാന്തനായ ഇയാള്‍ 101 ലേക്ക് വിളിക്കുകയായിരുന്നു. ശേഷം വൈദ്യുതി വന്നതോടെ ഇയാള്‍ പുറത്തിറങ്ങി രക്ഷപ്പെടുകയും ചെയ്തു.

സംഭവസ്ഥലത്ത് അഗ്നിരക്ഷാസേനാംഗങ്ങള്‍ ഓടിയെത്തിയങ്കിലും ലിഫ്റ്റില്‍ കുടുങ്ങിയ ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാളെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്ന് സേനാംഗങ്ങള്‍ വ്യാപാരസമുച്ചയത്തില്‍ സുരക്ഷാപരിശോധന നടത്തി. ലിഫ്റ്റിനുള്ളില്‍ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളില്ലെന്നും അലാറം പ്രവര്‍ത്തനരഹിതമായിരുന്നതായും പരിശോധനയില്‍ കണ്ടെത്തി. സുരക്ഷാകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് കെട്ടിട ഉടമയെ അറിയിച്ച ശേഷമാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തിരിച്ചു പോയത്.

Related posts