സ്വന്തം ലേഖകൻ
തൃശൂർ: ഫയർഫോഴ്സിനെ വട്ടം കറക്കുന്ന കൊടുങ്ങല്ലൂർ കോൾ തുടരുന്നു. ഫയർഫോഴ്സിന്റെ 101 എന്ന നന്പറിലേക്ക് കഴിഞ്ഞ അഞ്ചാറുമാസമായി കൊടുങ്ങല്ലൂരിൽ നിന്നും ഒരു പെണ്‍കുട്ടി രാപ്പകൽ വ്യത്യാസമില്ലാതെ വിളിച്ച് പ്രണയാഭ്യർഥനയും മറ്റും നടത്തുന്ന ഫോണ്‍ കോൾ സംബന്ധിച്ച് തൃശൂർ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
നേരത്തെ പോലീസിൽ നൽകിയ പരാതിയിൽ നടപടിയില്ലാത്തതിനെ തുടർന്നാണ് കമ്മീഷണർക്ക് പരാതി നൽകിയത്. കൊടുങ്ങല്ലൂർ പോലീസുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്നറിയുന്നു.
തൃശൂർ ഫയർ ആൻറ് റസ്ക്യൂ സ്റ്റേഷനിലേക്ക് അഞ്ചാറുമാസമായി വന്നുകൊണ്ടേയിരിക്കുന്ന ഫോണ്‍ കോൾ കൊടുങ്ങല്ലൂരിൽ നിന്നാണെന്ന് മനസിലാക്കിയ അഗ്നിശമന സേനാംഗങ്ങൾ പെണ്‍കുട്ടിയുടെ വീട്ടിൽ വിളിച്ച് താക്കീത് നൽകിയിരുന്നു. അതോടെ പെണ്‍കുട്ടി നന്പർ മാറ്റി പുതിയൊരു നന്പറിൽനിന്ന് വിളിക്കാൻ തുടങ്ങി.
രാവിലെ എട്ടുമുതൽ വിളി തുടങ്ങുമെന്നും രാത്രിയിലും പാതിരാത്രിയിലും വരെ വിളിവരാറുണ്ടെന്നും പത്രമാധ്യമങ്ങളിൽ വാർത്ത വന്നാലെങ്കിലും ഇത് കുറയുമെന്ന് കരുതിയെങ്കിലും വിളിക്ക് യാതൊരു കുറവുമില്ലെന്നും സേനാംഗങ്ങൾ പറയുന്നു.
എന്തെങ്കിലും അത്യാഹിതം സംഭവിച്ച വിവരം പറയാനായി അടിയന്തിരമായി ഫയർ സ്റ്റേഷനിലേക്ക് വിളിക്കുന്ന പലർക്കും ഈ പെണ്‍കുട്ടിയുടെ തുടർച്ചയായ വിളി കാരണം കോൾ കിട്ടുന്നില്ലെന്നും എൻഗേജ്ഡ് ടോണാണ് കിട്ടുന്നതെന്നും പരാതിയുണ്ട്.