ഒറ്റഒറ്റപ്പാലം: ഒറ്റപ്പാലത്തും പട്ടാന്പിയിലും അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥാപിക്കാൻ അംഗീകാരം ലഭിച്ചിട്ടും രണ്ടിടത്തും പദ്ധതികൾ നടപ്പിലായില്ല. അപകടങ്ങൾ നിത്യസംഭവങ്ങളാകുന്ന പട്ടാന്പിയിലും ഒറ്റപ്പാലത്തും അഗ്നിശമന സേന യൂണിറ്റുകൾ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.രണ്ടിടത്തും ഇതിന് അംഗീകാരം ലഭിക്കുകയും ബജറ്റുകളിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ യൂണിറ്റ് തുടങ്ങാൻ ആവശ്യമായ സ്ഥലസൗകര്യം ലഭ്യമാകാത്തതാണ് രണ്ടിടത്തും പദ്ധതി അനിശ്ചിതത്വത്തിലാകാൻ കാരണം. മൂന്ന് സംസ്ഥാന ബജറ്റുകളിൽ ഉൾപ്പെട്ടിട്ടും പട്ടാന്പിയിലും ഒറ്റപ്പാലത്തും അഗ്നിശമന സേനാ യൂണിറ്റുകൾ തുടങ്ങാൻ കഴിയാതിരുന്നത് രണ്ടു മണ്ഡലങ്ങളിലുമുള്ള എംഎൽഎമാരുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഭരിക്കുന്ന ജനപ്രതിനിധികളുടെയും കെടുകാര്യസ്ഥതമൂലമാണെന്ന് വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്.
പട്ടാന്പിയിൽ ജില്ലാ വ്യവസായകേന്ദ്രത്തിന്റെ സ്ഥലം ലഭ്യമാക്കാൻ മുന്പ് കളക്ടർ തന്നെ നേരിട്ട് ഇടപെട്ടിരുന്നു. എന്നാൽ ഇതും ഇടയ്ക്കുവച്ച് അവസാനിച്ചു. മേലെ പട്ടാന്പിയിൽ കൃഷിവകുപ്പിനു കീഴിലുള്ള സെൻട്രൽ ഓർച്ചാർഡിന്റെ ഭൂമിയിൽനിന്ന് സ്ഥലം ലഭ്യമാക്കാനും ശ്രമം നടന്നെങ്കിലും അതു നിലച്ചു.കൃഷിവകുപ്പിന്റെ അനുമതി ലഭിക്കാത്തതുകൊണ്ടാണിതെന്നു പറയപ്പെടുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ ടിബി കോന്പൗണ്ടിൽ യൂണിറ്റ് താത്കാലികമായി തുടങ്ങാൻ തീരുമാനിച്ചെങ്കിലും ഇതിനും അനുമതി ലഭിച്ചില്ല. ഓരോവർഷവും മഴക്കാലമായാൽ ഒഴുക്കിൽപ്പെട്ടുള്ള മരണങ്ങളും വേനൽക്കാലമായാൽ ഉണ്ടാകുന്ന തീപിടിത്തവും മറ്റ് അപകടങ്ങളും പട്ടാന്പിയിൽ ദുരന്തങ്ങൾ വർധിപ്പിക്കുകയാണ്.
ഓരോ അപകടങ്ങൾ വരുന്പോൾ മാത്രമാണ് പട്ടാന്പിക്കാർ സ്വന്തമായി അഗ്നിശമന സേനാ യൂണിറ്റ് ഇല്ലാത്തതിനെക്കുറിച്ച് വേവലാതിപ്പെടുന്നത്. അതിനുശേഷം അടുത്ത അപകടം വരുന്പോൾ മാത്രമാണ് ഇതേക്കുറിച്ച് വീണ്ടും ചർച്ചചെയ്യുക. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ വന്നതോടെ പുഴയിൽപെട്ടുള്ള അപകടങ്ങൾക്ക് വൻവർധനയാണ് ഉണ്ടായിട്ടുള്ളത്.
ഷൊർണൂരിൽനിന്നും പെരിന്തൽമണ്ണയിൽനിന്നും ഇവിടേയ്ക്ക് അഗ്നി രക്ഷാസേന യൂണിറ്റ് ഓടിയെത്തുന്പോഴേയ്ക്കും സംഭവിക്കേണ്ടത് എല്ലാം കഴിഞ്ഞിരിക്കും. ഷൊർണൂരിൽനിന്ന് പട്ടാന്പി താലൂക്കിന്റെ അതിർത്തി പ്രദേശങ്ങളിലേക്ക് എത്താൻ കിലോമീറ്ററുകൾ ഏറെ താണ്ടണം.
പട്ടാന്പിയിൽ അപകടങ്ങൾ ഉണ്ടാകുന്പോൾ പലപ്പോഴും വടക്കാഞ്ചേരിയിൽനിന്നും യൂണിറ്റ് വന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുക. ഒറ്റപ്പാലം, പട്ടാന്പി എന്നിവ താലൂക്ക് ആസ്ഥാനങ്ങളാണ്. എന്നിട്ടുപോലും രക്ഷാപ്രവർത്തനങ്ങൾ നടത്താൻ അഗ്നിശമനസേന യൂണിറ്റുകൾ ആരംഭിക്കുന്നതിന് സ്ഥലം കണ്ടെത്താൻ കഴിയാത്തത് ജനപ്രതിനിധികളുടെ കെടുകാര്യസ്ഥതയാണ്.
ഒറ്റപ്പാലത്ത് അഗ്നിശമനസേന സ്ഥാപിക്കാൻ മുൻമന്ത്രി വി.സി.കബീർ ആണ് സർക്കാരിൽ സമ്മർദങ്ങൾ ചെലുത്തിയത്. ഇതിന്റെ ഭാഗമായി യൂണിറ്റ് സ്ഥാപിക്കാൻ അംഗീകാരം ലഭിക്കുകയും ചെയ്തു. എന്നാൽ ഇവിടെയും വില്ലനായത് സ്ഥലത്തിന്റെ പരിമിതികളാണ്. പനമണ്ണയിലും പിന്നീട് എറക്കോട്ടിരിയിലും പദ്ധതിക്കായി സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും സൗകര്യങ്ങളുടെ അപര്യാപ്തതയും പദ്ധതിക്ക് ആവശ്യമായ ഭൂമി ലഭ്യമാകാത്ത സാഹചര്യവും തിരിച്ചടിയായി.