തൃശൂർ: പട്ടാളം മാർക്കറ്റിലെ തീപിടിത്തത്തിലുണ്ടായ നഷ്ടം എത്രയെന്ന് കടയുടമകൾക്കു പോലും കണക്കാക്കാൻ കഴിയുന്നില്ല.വാഹനങ്ങളുടെയും മറ്റും പഴയ സാധനങ്ങളും ടയറുകളും കൂട്ടിയിട്ടിരുന്നതാണ് കത്തി പോയത്.
ഇവ മറിച്ചു വിൽക്കുന്നതിനുവേണ്ടിയാണ് ഇവിടെ കൊണ്ട് കൂട്ടിയിടുന്നത്. ആവശ്യക്കാർ വരുന്പോൾ അതിൽ നിന്ന് തെരഞ്ഞെടുത്ത് ഒരു വില പറഞ്ഞ് കൊടുക്കുകയാണ് പതിവ്. പഴയ വാഹനങ്ങളുടെയും മറ്റും സ്പെയർ പാർട്സുകളും ടയറുകളുമായി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് തീയിൽ അമർന്നത്.
മാർക്കറ്റിൽ തീപടർന്നത് നിയന്ത്രിക്കാൻ വൈകിയതിന്റെ കാരണം ഫയർഫോഴ്സ് ഇന്നു ചേർന്നതാലൂക്ക് സഭയിൽ വിശദീകരിച്ചു. മുന്നറിയിപ്പ് നൽകിയിട്ടും അധികൃതരും, വ്യാപാരികളും വേണ്ടത്ര നടപടി സ്വീകരിക്കാത്തതാണ് പ്രധാന കാരണം.
ഉച്ചയോടെ തുടങ്ങി
ഇന്നലെ ഉച്ചകഴിഞ്ഞ് 2.45നാണ് തീപിടിത്തതിന് തുടക്കം. ടയറുകൾക്കിടയിൽ തീപടരുന്നത് ശ്രദ്ധയിൽ പെട്ട ജോലിക്കാർ സാധനങ്ങളും ടയറുകളും എടുത്തു മാറ്റാൻ ശ്രമിച്ചപ്പോഴേക്കും തീ അടിയിൽ ശക്തമായിരുന്നു. പിന്നീട് കറുത്ത പുക ഉയരാൻ തുടങ്ങിയതോടെയാണ് തീ പിടിത്തം കൈവിട്ടു പോയിയെന്ന് കടയുടമകൾക്കും മനസിലായത്. പട്ടാളം മാർക്കറ്റിൽ അടുത്തടുത്ത് 120 കടകളാണ് നിന്നിരുന്നത്.
വൈദ്യുതി പോസ്റ്റിലെ ലൈനുകൾ തമ്മിൽ ഉരസിയുണ്ടായ തീപ്പൊരിയാണ് പട്ടാളം തീയിലമരാൻ കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 106-ാം നന്പർ കടമുറിക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. രണ്ട് കടകൾ പൂർണമായും ഏഴ് കടകൾ ഭാഗികമായും കത്തി നശിച്ചു.
പട്ടാളം മാർക്കറ്റിലെ പുല്ലിന് തീപിടിച്ചുവെന്ന വിവരമാണ് ആദ്യം ഫയർ സ്റ്റേഷനിലെത്തിയത്. വാഹനങ്ങൾ മൂന്നും വരടിയം, മുണ്ടൂർ, അവിണിശേരി ഭാഗങ്ങളിലേക്ക് പോയിരിക്കയായിരുന്നു. ഉടൻ തന്നെ അവിണിശേരിയിൽ നിന്നുള്ള ഫയർ ഫോഴ്സ് വാഹനം പാഞ്ഞെത്തി തീയണയ്ക്കാൻ തുടങ്ങി.
അപ്പോഴേക്കും തീ ആളിപടർന്നിരുന്നു. കറുത്ത പുക നിറഞ്ഞതിനാൽ തീയണയ്ക്കാനും ഏറെ പാടുപെടേണ്ടി വന്നു. പിന്നീട് തീ കൈവിട്ടു പോകുന്നതറിഞ്ഞ് കൂടുതൽ ഫയർ ഫോഴ്സ് വാഹനങ്ങൾ വിളിച്ചു വരുത്തുകയായിരുന്നു. ജില്ലയിൽ നിന്ന് 14 ഫയർ എൻജിനുകളാണ് തീയണക്കാനെത്തിയത്. രണ്ടു മണിക്കൂർ വെള്ളമടിക്കുകയും അവസാനം ഫോം കൂടി ഉപയോഗിച്ചതോടെയാണ് തീയണയ്ക്കാൻ കഴിഞ്ഞത്.
വെള്ളം കിട്ടാതെ നെട്ടോട്ടം
തീയണക്കാൻ വെള്ളമില്ലാതെ അഗ്നിസുരക്ഷാ സേന ഇതിനിടെ നെട്ടോട്ടമോടിയത് അധികമാരും അറിഞ്ഞില്ല. വാട്ടർ അതോറിറ്റി വെള്ളം നൽകാത്തതാണ് ഇതിന് കാരണം. പിന്നീട് കുടിവെള്ള ടാങ്കറുകളിൽ നിന്നുള്ള വെള്ളമെടുത്താണ് തീയണച്ചത്. അവസാനം വാട്ടർ അതോറിറ്റി വെള്ളം നൽകി.
വാട്ടർ അതോറിറ്റിയുടെ സംഭരണിയിൽ നിന്ന പ്രത്യേക വാൽവ് വഴി വെള്ളമെടുക്കാൻ ഫയർഫോഴ്സിന് സൗകര്യമൊക്കെ ഒരുക്കിയിട്ടുണ്ട്. പക്ഷേ ആവശ്യത്തിന് ഇവിടെ നിന്ന് വെള്ളം കിട്ടില്ലെന്നു മാത്രം. ഇതാണ് നഗരത്തിൽ ഏറെ അപകടരമായ തീപിടിത്തമുണ്ടായപ്പോഴും സംഭവിച്ചത്.
നൂറുകണക്കിന് ആളുകളെത്തുന്ന ശക്തൻസ്റ്റാൻഡിന്റെ തൊട്ടടുത്തുള്ള തീപിടിത്തം പോലും അണയ്ക്കാനുള്ള വെള്ളം അതോറിറ്റിയിൽ നിന്ന സമയത്തിന് ലഭിച്ചില്ല. ഫയർ സ്റ്റേഷനിൽ ഹൈഡ്രന്റ് തുറന്നു തന്നാൽ അവിടെ നിന്ന് വെള്ളമെടുക്കാനാകും. ഈ ആവശ്യം മന്ത്രി സുനിൽകുമാറിനോട് പറഞ്ഞിട്ടുണ്ടെന്ന് ഫയർ സ്റ്റേഷൻ ഓഫീസർ എ.എൽ.ലാസർ പറഞ്ഞു.
“പട്ടാള’ത്തെ ഒതുക്കാനാകില്ല
പട്ടാളം മാർക്കറ്റിൽ അലക്ഷ്യമായി ഇട്ടിരിക്കുന്ന സാധനങ്ങൾ അപകടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും ഒരു നടപടിയും വ്യാപാരികളും ബന്ധപ്പെട്ടവരും ചെയ്യാറില്ലെന്ന് ഫയർ സ്റ്റേഷൻ ഓഫീസർ എ.എൽ.ലാസർ പറഞ്ഞു.
കെട്ടിടമല്ലാത്തതിനാൽ പട്ടാളം വ്യാപാരികൾക്ക് നോട്ടീസ് കൊടുക്കാൻ കഴിയില്ല. കോർപറേഷനാണ് നടപടിയെടുക്കേണ്ടത്. കോർപറേഷനോടും ഈ അപകടം പറഞ്ഞിട്ടുള്ളതാണ്. അവരും ഒരു നടപടിയുമെടുക്കുന്നില്ല. ഇന്നലെയുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ കഴിഞ്ഞതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഈ വിഷയം ഇന്നു ചേർന്ന താലൂക്ക് സഭയിലും ഫയർ ഫോഴ്സ് വിശദീകരിച്ചിട്ടുണ്ട്.