പയ്യന്നൂർ: അലൂമിനിയം പാത്രത്തിനുള്ളിൽ തല കുടുങ്ങിപ്പോയ ഒന്നര വയസുകാരിക്ക് അഗ്നിശമനസേന രക്ഷകരായി. രാമന്തളി കക്കംപാറയിലെ കാവിലവളപ്പിൽ സെയ്ഫുദ്ദീൻ-ആമിന ദമ്പതികളുടെ മകൾ സഫയ്ക്കാണ് പയ്യന്നൂർ അഗ്നിശമന സേനാംഗങ്ങൾ രക്ഷകരായത്.
ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടയിൽ കുട്ടിയുടെ തല പാത്രത്തിനകത്ത് കുടുങ്ങുകയായിരുന്നു. വീട്ടുകാർ പരമാവധി ശ്രമിച്ചിട്ടും കുട്ടിയെ രക്ഷപ്പെടുത്താനായില്ല. ഇതേത്തുടർന്ന് ഓട്ടോറിക്ഷയിൽ പയ്യന്നൂർ അഗ്നിശമന കേന്ദ്രത്തിലെത്തുകയായിരുന്നു.
ഉടൻ ലീഡിംഗ് ഫയർമാൻ എം.പ്രേമന്റെ നേതൃത്വത്തിൽ പാത്രം മെറ്റൽ കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റുകയായിരുന്നു.പത്തു മിനിറ്റിനകം കുട്ടിയുമായി മാതാപിതാക്കൾ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.