ശബരിമല: ഭക്തരെ കിടക്കാൻ അനുവദിക്കാതിരിക്കാനാണ് ഫയർഫോഴ്സ് സന്നിധാനത്ത് വെള്ളമൊഴിച്ച് കഴുകിയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന വ്യാജ ആരോപണത്തിനെതിരേ അധികൃതർ രംഗത്ത്. തിരുമുറ്റവും നടപ്പന്തലും ഉച്ചയ്ക്ക് നട അടയ്ക്കുന്നതിനു പിന്നാലെ കഴുകി വൃത്തിയാക്കുന്നത് മുൻപതിവാണെന്നും ഇക്കുറിയും അതു തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മണ്ഡലകാല തീർഥാടനത്തിനെത്തുന്ന അയ്യപ്പന്മാരുടെ സുരക്ഷക്കായി വിപുലമായ സംവിധാനങ്ങളാണ് അഗ്നിരക്ഷാ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. ഭക്തർക്കാവശ്യമായ സഹായങ്ങൾ ചെയ്യുകയും സുരക്ഷിത തീർഥാടനം ഉറപ്പാക്കുകയും ചെയ്യുന്നതിനൊപ്പം സന്നിധാനവും പരിസരങ്ങളും വൃത്തിയാക്കുന്നതിലും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സേവനം ചെയ്യുന്നുണ്ട്.
പന്പയിലും സന്നിധാനത്തും പരിസരങ്ങളിലുമായി ഡ്യൂട്ടി പോയിന്റുകൾ ആരംഭിച്ചിട്ടുണ്ട്, സന്നിധാനം, പന്പ, നിലയ്ക്കൽ, പള്ളിയറക്കാവ്, പ്ലാപ്പള്ളി എന്നിവിടങ്ങളിലെ അഗ്നിരക്ഷാ വകുപ്പിന്റെ കണ്ട്രോൾ റൂമുകൾ വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.കണ്ട്രോൾ റൂമുകൾക്ക് കീഴിൽ ഫയർ പോയിന്റുകളായി തിരിച്ചാണ് ജീവനക്കാരെ വിന്യസിച്ചിരിക്കുന്നത്.
പന്തളം ഫയർ പോയിന്റായി കണക്കാക്കി ഇവിടേയും ആവശ്യത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് ജില്ലാ ഫയർ ഓഫീസർ കെ.ആർ അഭിലാഷ് പറഞ്ഞു.പന്പയിൽ ത്രിവേണിമുതൽ ഗണപതികോവിൽ വരെയും പന്തളരാജാവിന്റെ സ്മാരകത്തിനു സമീപവുമായാണ് ഡ്യൂട്ടിപോയിന്റുകൾ.
കൂടാതെ സന്നിധാനത്തെ കണ്ട്രോൾ റൂമിന്റെ കീഴിൽ, സോപാനം, പാണ്ടിത്താവളം, മാളികപ്പുറം, ഭസ്മക്കുളം നടപ്പന്തൽ, കെ.എസ്.ഇ.ബി, ശരംകുത്തി, കൊപ്രാക്കളം, മരക്കൂട്ടം എന്നിവിടങ്ങളിലായും ഡ്യൂട്ടിപോയിന്റുകൾ ഉണ്ട്.തീ അണയ്ക്കാനുള്ള വിവിധ സംവിധാനങ്ങൾ, മറ്റ് അപകടങ്ങൾ ഉണ്ടാകുന്പോൾ രക്ഷാപ്രവർത്തനത്തിനു ഉപയോഗിക്കുന്നതിന് ഫയർ പ്രോക്സിമിറ്റി സ്യൂട്ട്, വാട്ടർ ജെൽ ബ്ലാങ്കറ്റ്, ഹൈഡ്രോളിക്ക് റെസ്ക്യൂസെറ്റ്, കോണ്ക്രീറ്റ്കട്ടർ, ലൈഫ് ബോയ്(ജാക്കറ്റ്), സ്കൂബസെറ്റ് തുടങ്ങി ആവിശ്യമായ മുഴുവൻ ആധുനിക ഉപകരണങ്ങളും ഫയർ പോയിന്റുകളിലുമായി ക്രമീകരിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനായുള്ള വാട്ടർ മിസ്റ്റ് ബുള്ളറ്റ്, ആവശ്യത്തിന് ഫയർ ടെണ്ടറുകൾ, ജീപ്പ്, വാട്ടർ ലോറി, റിക്കവറി വാനുകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ പന്പ, നിലയ്ക്കൽ, പള്ളിയറക്കാവ്, പ്ലാപ്പള്ളി, പന്തളം എന്നിവിടങ്ങളിൽ നിന്നും ആംബുലൻസ് സൗകര്യവും വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ഫയർ ഓഫീസർമാരായ രഞ്ജിത് പന്പയിലും ബി.സി. വിശ്വനാഥ് സന്നിധാനത്തും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. അടിയന്തിര സാഹചര്യം മുന്നിൽ കണ്ടു യമഹ ഘടിപ്പിച്ച റബ്ബർ ബോട്ടുകളും പന്പയിൽ സജ്ജീകരിച്ചിട്ടുണ്ട്.