കുരിയച്ചിറ: വാതിൽ ഉള്ളിൽ നിന്നടച്ച് കിടന്നുറങ്ങിയ കുട്ടി വീട്ടുകാരെയും ഫയർഫോഴ്സിനെയും വെട്ടിലാക്കി. ഇന്നലെ വൈകീട്ട് കുരിയച്ചി ചാലിശേരി സ്ട്രീറ്റിലെ ഒരു വീട്ടിലാണ് സംഭവം. ഒന്‍പതുവയസുകാരിയായ പെണ്‍കുട്ടിയുടെ ഗാഢനിദ്രയാണ് വീട്ടുകാരെയും നാട്ടുകാരെയുമെല്ലാം പരിഭ്രാന്തിയിലാക്കിയത്.
വീടിന്റെ വാതിൽ അകത്തുനിന്ന് അടച്ച് കിടന്നുറങ്ങിയ കുട്ടി ജോലിക്കു പോയ മാതാപിതാക്കൾ തിരിച്ചെത്തി വിളിച്ചിട്ടും ഉണർന്നില്ല. തുടർന്ന് നാട്ടുകാരും ചേർന്ന് വാതിലിൽ ഇടിക്കുകയും ബഹളമുണ്ടാക്കുകയുമെല്ലാം ചെയ്തെങ്കിലും കുട്ടിയെ ഉണർത്താനായില്ല. ഇതോടെ കുട്ടിക്ക് എന്തു പറ്റിയെന്നറിയാതെ പരിഭ്രാന്തരായ വീട്ടുകാർ ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.
തൃശൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം പിൻവാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണ് കുട്ടി ഉറങ്ങുകയാണെന്ന് മനസിലായത്. ക്ഷീണം മൂലം ഉറങ്ങിപ്പോയതാണെന്ന് കുട്ടി പറഞ്ഞു.