കാഞ്ഞിരപ്പള്ളി: വലിയ ദുരന്തങ്ങളിൽ നിന്ന് ഒരു പ്രദേശത്തെ മുഴുവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ, അല്ലെങ്കിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാനുള്ള പാച്ചിലിനിടയിൽ പലപ്പോഴും അവർക്ക് വിശപ്പു മറക്കേണ്ടി വരും.
ചിലപ്പോൾ വഴിയരികിലോ മരച്ചുവട്ടിലോ ഇരുന്ന് ഭക്ഷണം കഴിക്കേണ്ടി വരും. പറഞ്ഞുവന്നത്, എവിടെ എന്ത് അത്യാവശ്യമുണ്ടായാലും പാഞ്ഞെത്തുന്ന ഫയർ ഫോഴ്സ് ജീവനക്കാരെക്കുറിച്ചാണ്.
ഇവരുടെ ബുദ്ധിമുട്ടുകൾ പലപ്പോഴും നാം കാണാതെ പോവുകയാണ് പതിവ്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്സ് ജീവനക്കാർ.
ചൂട് കനത്തതോടെ കാഞ്ഞിരപ്പള്ളിയിലെ മലയോര മേഖലയില്‍ തീപിടുത്തവും വര്‍ധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ദുരന്തത്തെ നേരിടാൻ സുസജ്ജരായി കാത്തിരിക്കുകയാണ് ഫയർഫോഴ്സ് ജീവനക്കാർ.
ഈയടുത്ത് മുണ്ടക്കയം പുഞ്ചവയല്‍ വനമേഖലയിൽ ആളിപ്പടർന്ന കാട്ടുതീ അണയ്ക്കാനെത്തിയ ഉദ്യോഗസ്ഥരുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
തീ അണച്ചശേഷം റോഡരുകിലിരുന്ന് ഭക്ഷണം കഴിക്കുന്ന ജീവനക്കാരുടെ ചിത്രങ്ങൾ വഴിയാത്രക്കാരിൽ ആരോ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
വിശപ്പുപോലും മറന്ന് ഉദ്യോഗസ്ഥർ നടത്തുന്ന സേവനത്തിനു വലിയ കൈയടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇതിനോടകംതന്നെ നിരവധിപേർ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു.
വേനൽ കനത്തതോടെ താലൂക്കിന്റെ വിവിധ മേഖലകളില്‍ തീപിടുത്തം വര്‍ധിച്ചിരിക്കുകയാണ്. മറ്റ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് വ്യത്യസ്തമായി ഫയര്‍ഫോഴ്സ് ജീവനക്കാരുടെ ആത്മാര്‍ഥത അഭിനന്ദിക്കപ്പെടേണ്ടതാണെന്നാണ് ഓരോരുത്തരും അഭിപ്രായപ്പെടുന്നത്.