ഒറ്റപ്പാലം: അനങ്ങൻമലയിൽ തീപ്പിടുത്തം ഉണ്ടായതുമായി ബന്ധപ്പെട്ട് വനംവകുപ്പും അനങ്ങനടി ഗ്രാമപഞ്ചായത്തും തമ്മിൽ കൊന്പുകോർക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് അനങ്ങനടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സൂപ്പർവൈസർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ പേരിൽ വനംവകുപ്പ് കേസ് എടുത്തതാണ് സിപിഎം ഭരണം കൈയാളുന്ന അനങ്ങനടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ ചൊടിപ്പിച്ചത്.
തൊഴിലുറപ്പ് തൊഴിലാളികൾ തീയിട്ടതുകൊണ്ടാണ് കഴിഞ്ഞദിവസം അനങ്ങൻമലയിലേയ്ക്ക് തീപടരാൻ കാരണമായതെന്ന് ആരോപിച്ചാണ് വനംവകുപ്പ് കേസെടുത്തത്. തീയിട്ടവരിൽ നിന്നും നാശനഷ്ടം കണക്കാക്കി പിഴയീടാക്കാനും തീരുമാനമുള്ളതായി വനംവകുപ്പ് റെയ്ഞ്ച് ഓഫീസർ വി. ആഷിക്ക് അലി വ്യക്തമാക്കി.
എന്നാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരേയും തൊഴിലുറപ്പ് തൊഴിലാളികൾക്കെതിരേയും കേസെടുത്ത വനംവകുപ്പ് അധികൃതരുടെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നാണ് അനങ്ങനടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ആർ രഞ്ജിത്തിന്റെ നിലപാട്.
ഫയർലൈൻ കൃത്യമായി എടുക്കുന്നതിലും വാച്ചർമാരുടെ സേവനം കൃത്യമായി പ്രയോജനപ്പെടുത്തുന്നതിലും വനംവകുപ്പിനുള്ള നിസംഗതയാണ് വനം കത്തുന്നതിനുള്ള കാരണമെന്നും മേൽപ്പറഞ്ഞവർക്കെതിരെ കേസെടുത്ത നടപടിയിൽ നിന്നും വനംവകുപ്പ് പിൻതിരിയണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.
ന്നാൽ ഇത് സാധ്യമല്ലെന്നും നടപടികളുമായി മുന്നോട്ടുപോകുമെന്നുമാണ് വനംവകുപ്പിന്റെ നിലപാട്. അതേസമയം മതിയായ സുരക്ഷാനടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായി ആക്ഷേപമുണ്ട്. തീപിടുത്തത്തിൽ വൻമരങ്ങൾ വരെ കത്തിനശിക്കുന്നുണ്ട്. അപൂർവയിനം ഒൗഷധസസ്യങ്ങളും ജൈവവൈവിധ്യങ്ങളുമെല്ലാം കത്തിയമർന്നവയിൽ ഉൾപ്പെടുന്നു.
എല്ലാ വർഷവും അനങ്ങൻമലയിൽ തീപ്പിടുത്തം പതിവാണ്.എന്നാൽ ഇതു തയുന്നതിനുള്ള മുന്നൊരുക്കങ്ങളൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് എല്ലാവർഷവും തീപിടുത്തം ആവർത്തിക്കപ്പെടുന്നതിന് കാരണമാകുകയാണ്. അനങ്ങൻമലയിൽ തീപിടുത്തം പലപ്പോഴും മനുഷ്യന്റെ അശ്രദ്ധ കൊണ്ടുമാത്രം സംഭവിക്കുന്നതാണ്.
ചിലർ തീയിടുന്നതുമൂലവും തീപിടുത്തം ഉണ്ടാകുന്നുണ്ട്.