മണ്ണാർക്കാട്: വേനൽ പടിവാതിലെത്തി നില്ക്കേ മലയോരമേഖല കാട്ടുതീ ഭീതിയിലായി. താലൂക്കിന്റെ മലയോരപ്രദേശങ്ങളായ ഇരുന്പകച്ചോല, പൂഞ്ചോല, അട്ടപ്പാടി മലനിരകൾ, തിരുവിഴാംകുന്ന്, അന്പലപ്പാറ എന്നിവിടങ്ങളിലാണ് കാട്ടുതീ ഭീഷണി ഉള്ളത്.വനംവകുപ്പിന്റേത് ഉൾപ്പെടെയുള്ള മരങ്ങൾ കാട്ടുതീയിൽ കത്തിനശിച്ചിരുന്നു. കാട്ടുതീയുടെ വർധിക്കുന്ന സാഹചര്യത്തിൽ വനത്തിന്റെ വ്യാപ്തിയും കുറയുകയാണ്.
കാറ്റു ശക്തമായതോടെ കാട്ടുതീ പടർന്നുപിടിക്കാനും സാധ്യത ഏറെയാണ്.കാട്ടുതീയിൽ വന്യമൃഗങ്ങൾ ചത്തൊടുങ്ങുന്നതിന്റെ കണക്കുകളൊന്നും വനംവകുപ്പിന്റെ കൈവശമില്ല. കാട്ടുതീ തടയാൻ വനംവകുപ്പിന്റെയും വനസംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ സ്ക്വാഡുകളെ നിയമിക്കണമെന്ന നിർദേശവും പാലിക്കപ്പെടുന്നില്ല.
ഫയർ എൻജിനുകൾക്കു പോകാൻ വഴിയില്ലാത്തതിനാൽ മലയോരങ്ങളിൽ പടരുന്ന കാട്ടുതീ അണയ്ക്കാൻ ഫയർഫോഴ്സിനു കഴിയില്ല. ജനുവരി പകുതിയോടെ മലയോരപ്രദേശങ്ങളിലെ പലയിടത്തും വനംവകുപ്പിന്റെ സ്ക്വാഡുകൾ രൂപീകരിക്കപ്പെട്ടിട്ടില്ല എത്രയുംവേഗം സ്ക്വാഡുകൾ രൂപീകരിക്കണമെന്ന് ഡിഎഫ്ഒ ഓഫീസുകളിൽനിന്ന് റേഞ്ച് ഓഫീസുകളിലേക്ക് നിർദേശമുണ്ടായിരുന്നു.
ഫോറസ്റ്റ് അധികൃതരുടെ കണ്ണുവെട്ടിച്ച് വ്യാപകതോതിൽ വനംകൊള്ളയും നടക്കുന്നു. മുറിച്ച മരങ്ങളുടെ ചുവട്ടിൽ തീയിട്ട് തെളിവുകളും നശിപ്പിക്കുന്നതിനാൽ കാട്ടുതീ പടരുന്നതിനു വേഗതയേറുന്നു. കാട്ടുതീ തടയുന്നതിനു ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക ജീവനക്കാരെ നിയമിച്ചാണ് വനംവകുപ്പിന്റെ പ്രവർത്തനങ്ങൾ.