ഒല്ലൂർ: മരത്താക്കര കുഞ്ഞനംപാറയിൽ ഫർണിച്ചർ സ്ഥാപനത്തിൽ വൻ അഗ്നിബാധ; കോടികളുടെ നഷ്ടം കണക്കാക്കുന്നു. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് അഗ്നിബാധയുണ്ടായത്.
ഡി റ്റൈയിൽ സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. തീ പടരുന്നതുകണ്ട് സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. ഷോറൂം പൂർണമായും കത്തിനശിച്ചു.
ഷോറുമിനോടു ചേർന്നു പ്രവർത്തിക്കുന്ന ഫർണീച്ചർ നിർമാണ ശാലയിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്. ഷോറുമും നിർമാണ ശാലയും പൂർണമായും കത്തിനശിച്ചു. ടിന്നർ സൂക്ഷിച്ചിരിന്ന ഭാഗത്തേക്ക് തീപടരും മുൻപ് തീ നിയന്ത്രണ വിധേയമാക്കി.
മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്. തൃശൂർ, പുതുക്കാട്, ചാലക്കുടി, വടക്കാഞ്ചേരി എന്നിവിടങ്ങളിൽനിന്ന് ആറ് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണു തീയണച്ചത്. സംഭവ സമയത്തു ശക്തമായ മഴയുണ്ടായതിനാൽ തീ മറ്റിടങ്ങളിലേക്കു വ്യാപിച്ചില്ല.