ശ്രീമൂലനഗരം: ശ്രീമൂലനഗരത്ത് ഫർണീച്ചർ ഗോഡൗണിൽ വൻ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ശ്രീമൂലനഗരം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ എംഎൽഎ റോഡിൽ പുളിക്കൽ അബ്ദുൾ കരീമിന്റെ ഉടമസ്ഥതയുള്ള ഫിഗോ ഡോർ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ 1.30 നാണ് തീപിടിത്തമുണ്ടായതെന്നു കരുതുന്നു.
മൂലനഗരത്തുകൂടി കടന്നു പോയ യുവാക്കളാണ് തീ കത്തുന്നത് ആദ്യം കണ്ടത്. ഉടനെ സമീപമുള്ള കെട്ടിടത്തിൽ താമസിക്കുന്ന ഉടമസ്ഥനെ വിവരമറിയിച്ചു. തുടർന്ന് അഗ്നിശമനസേനയെ അറിയിച്ചതിനെതുടർന്ന് രണ്ടു യൂണിറ്റെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.
തുടർന്ന് അങ്കമാലി, ആലുവ, പെരുന്പാവൂർ എന്നിവിടങ്ങളിൽ നിന്നും എത്തിയ ആറു യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രദേശവാസികളും സഹായത്തിനെത്തിയിരുന്നു. ഗോഡൗണിനു സമീപത്തായി നിരവധി വീടുകളും സ്ഥാപനങ്ങളുമുണ്ടായിരുന്നു. അമേരിക്കൻ തടി ഉരുപ്പടികളുടെ വില്പനയും അതുപയോഗിച്ചുള്ള ഡോറുകളും നിർമാണവും ഇവിടെ നടന്നിരുന്നു. ഡോറുകൾ വലിയ തോതിൽ നിർമിച്ച് വില്പന നടത്തിയിരുന്ന സ്ഥാപനമാണിത്.
ഒന്നരക്കോടിയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് സ്ഥാപന ഉടമ പറഞ്ഞു. തീപിടിത്തമുണ്ടാകാൻ അസ്വാഭാവികമായ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്നും കാരണം ഇപ്പോൾ വ്യക്തമല്ലെന്നും അഗ്നിശമനസേനാംഗങ്ങൾ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അൽഫോണ്‍സ വർഗീസ്, പഞ്ചായത്തംഗങ്ങളായ മഞ്ജു നവാസ്, കെ.സി. മാർട്ടിൻ, വി.വി. സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.