മണ്ണുംപേട്ട (തൃശൂർ): തെക്കേക്കരയിൽ അടുപ്പ് കത്തിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ ചോർന്ന് വീടിന് തീപിടിച്ചു. തീയണയ്ക്കാൻ വന്ന നാട്ടുകാരായ രണ്ടുപേർക്ക് പൊള്ളലേറ്റു. സമീപവാസികളായ കുറൂവീട്ടിൽ ജോയിക്കും, കൂപ്ലിക്കാടൻ അരവിന്ദാക്ഷനുമാണ് പൊള്ളലേറ്റത്. ഇവരെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ ആറോടെയാണ് സംഭവം. തെക്കേക്കര ചീനാത്ത് മണിയുടെ വീടിന്റെ അടുക്കള ഭാഗത്താണ് തീപടർന്നത്. മണിയുടെ ഭാര്യ സുഷിത സ്റ്റൗ കത്തിക്കുന്നതിനിടെ ഗ്യാസ് ചോരുന്ന ശബ്ദം കേട്ടു. പെട്ടെന്നുതന്നെ തീ ആളിപ്പടരുന്നത് കണ്ട് യുവതിയും രണ്ട് മക്കളും ഭർത്താവ് മണിയും പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
തീപിടിത്തത്തിൽ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. തീയണച്ച് സിലിണ്ടർ പുറത്തേയ്ക്ക് മാറ്റുന്നതിനിടെയാണ് സമീപ വാസികളായ രണ്ട് പേർക്ക് പൊള്ളലേറ്റത്. പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.