കോഴിക്കോട്: സ്വര്‍ണക്കടത്തു കേസ് നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ആശങ്കയേറ്റി ഫോറന്‍സിക് വിഭാഗം.
സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലുണ്ടായ തീപിടിത്തം സംബന്ധിച്ചുള്ള പരിശോധന അന്തിമഘട്ടത്തിലാണ്. ലാബ് പ്രവൃത്തികള്‍ ഏറെക്കുറേ പൂര്‍ത്തിയായതായാണ് വിവരം. ഇനി അവശേഷിക്കുന്നത് വിശദമായ റിപ്പോര്‍ട്ട് തയാറാക്കുകയെന്നതാണ്.
ഈ റിപ്പോര്‍ട്ടില്‍ തീപിടിത്തം ഷോര്‍ട്ട് സര്ക്ക്യൂട്ടല്ലെന്ന കണ്ടെത്തലാണെങ്കില്‍ സര്‍ക്കാര്‍ വീണ്ടും “പ്രതിക്കൂട്ടിലാവും’. തിരിവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ കെമിസ്ട്രി വിഭാഗത്തിന്റെയും ഫിസിക്സ് വിഭാഗത്തിന്റെയും റിപ്പോര്‍ട്ടുകളാണ് ഇനി പുറത്തുവരാനുള്ളത്.
10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്പ്പിക്കാനാകുമെന്നാണറിവ്.
ഫിസിക്സ് വിഭാഗം നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഷോര്‍ട്ട്സര്‍ക്ക്യൂട്ട് സാധ്യത തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ പ്രാഥമികമായുള്ള കണ്ടെത്തലുകളായേ ഇതിനെ പരിഗണിച്ചിരുന്നുള്ളൂ.
ദേശീയ അന്വേഷണ ഏജന്‍സിയുള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ വരെ ഉറ്റുനോക്കുന്ന റിപ്പോര്‍ട്ടില്‍ ചെറിയ പിഴവുകള്‍പോലും പിന്നീട് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കും.
അതിനാല്‍ അതീവ പ്രാധാന്യത്തോടെയാണ് എഫ്എസ്എല് സയന്റഫിക് ഓഫീസര്‍മാര്‍ പരിശോധന നടത്തുകയും റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്യുന്നത്.
സംഭവം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരുടെ നിഗമനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സീന്‍ എക്സാമിനേഷന് റിപ്പോര്‍ട്ടുള്‍പ്പെടെ പരിഗണിച്ചാണ് അന്തിമറിപ്പോര്‍ട്ട് തയാറാക്കുന്നത്.
തീപിടിത്തമുണ്ടായ ദിവസം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള വിദഗ്ധ സംഘമായിരുന്നു സംഭവസ്ഥലം പരിശോധിച്ചത്. ഈ പരിശോധനയില്‍ ശേഖരിച്ച തെളിവുകള്‍ക്ക് പുറമേ സയിന്റിഫിക് വിദഗ്ധര്‍ക്ക് നേരിട്ട് ബോധ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിഗമനങ്ങളാണ് സീന്‍ എക്സാമിനേഷന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
സാധാരണ സീന്‍ എക്സാമിനേഷന് റിപ്പോര്‍ട്ട് വേറെ തന്നെയായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് പ്രത്യേകമായി സമര്‍പ്പിച്ചിട്ടില്ലെന്നാണ് വിവരം.
അതത് ജില്ലാ ഫോറന്‍സിക് സയിന്റിഫിക് സംഘമാണ് പരിശോധനക്കായി ആദ്യം സംഭവസ്ഥലത്ത് എത്തേണ്ടത്. സെക്രട്ടേറിയറ്റിലെ തീപിടിത്തം പരിശോധിക്കേണ്ട ചുമതല തിരുവനന്തപുരം സിറ്റി ഫോറന്‍സിക് വിഭാഗത്തിനായിട്ടും എഫ്എസ്എല്ലില്‍ നിന്നുള്ള കെമിസ്ട്രി, ഫിസിക്സ് സംഘമായിരുന്നു എത്തിയത്.
സെക്രട്ടേറിയറ്റില്‍ നിന്നുയര്‍ന്ന തീച്ചുരുളുകളേറ്റ് സര്‍ക്കാറിന് പൊള്ളുമോ എ്ന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുള്‍പ്പെടെ ഉറ്റുനോക്കുന്നത്.