തൃശൂർ: ശക്തൻ സ്റ്റാൻഡിനു സമീപമുള്ള സണ് മെഡിക്കൽ റിസർച്ച് സെന്ററിൽ (പഴയ ഹാർട്ട് ഹോസ്പിറ്റൽ) ഇന്നു പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നു പുലർച്ചെ ഒന്നരയോടെയാണ് ആശുപത്രിയിൽ അഗ്നിബാധയുണ്ടായത്. ആശുപത്രിയുടെ ഒന്നാം നിലയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ആശുപത്രിയിൽ കനത്ത പുക നിറയുകയായിരുന്നു.
രോഗികളെ പൂർണമായും പുറത്തേക്കെത്തിച്ചു. ഇതിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന രോഗികളുമുണ്ടായിരുന്നു. ആശുപത്രി ജീവനക്കാരും ഫയർഫോഴ്സും പോലീസും ചേർന്ന് അതിവേഗം രക്ഷാപ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. ഇവരുടെ സംയുക്തമായ പരിശ്രമമാണ് വൻ ദുരന്തം ഒഴിവാക്കിയത്.
യുപിഎസും, ഇ-വേസ്റ്റും സൂക്ഷിച്ചിരുന്ന ഒന്നാം നിലയലെ കംപ്യൂട്ടർ മുറിയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. തീ കണ്ടയുടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ സെക്യൂരിറ്റി അലാം മുഴക്കി അപായ സൂചന നൽകി. തീയണയ്ക്കാനുളള സംവിധാനങ്ങളും സജ്ജീകരണങ്ങളുമായി സുരക്ഷാജീവനക്കാരിൽ ഒരു വിഭാഗവും, മറ്റുള്ളവർ രോഗികളെ ആശുപത്രിയിൽ നിന്നും പുറത്തേക്ക് മാറ്റാനും തുടങ്ങി.
സെക്യൂരിറ്റി അലാം കേട്ട് മുറികൾക്ക് പുറത്തിറങ്ങിയ രോഗികളും ബന്ധുക്കളും വിവരമറിഞ്ഞ് പുറത്തേക്കിറങ്ങിയോടാൻ തുടങ്ങി. ഇതോടെ ആശുപത്രിയിലെന്പാടും തിക്കും തിരക്കുമായി. വെന്റിലേറ്ററിലുണ്ടായിരുന്ന രോഗികളേയും സുരക്ഷിതമായി പുറത്തെത്തിക്കുകയെന്ന വലിയ ദൗത്യമായിരുന്നു ആശുപത്രി അധികൃതർക്ക് ഉണ്ടായിരുന്നത്. ഐസിയുവിലും രോഗികളുണ്ടായിരുന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളെ ആശുപത്രിക്ക് പുറത്തെത്തിച്ച് ഉടൻ തന്നെ ആംബുലിൻസിലേക്ക് മാറ്റി സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഭയന്നു നിലവിളിച്ച് രോഗികളും ബന്ധുക്കളും
തൃശൂർ: സെക്യൂരിറ്റി അലാംകേട്ടാണ് എല്ലാവരും ചാടിയെഴുന്നേറ്റത്. മുറിയുടെ പുറത്തിറങ്ങിയപ്പോൾ എന്തോ അപകടമുണ്ടെന്ന് പലർക്കും മനസിലായി. അപ്പോഴേക്കും നഴ്സുമാരും ജീവനക്കാരും രോഗികളോടും ബന്ധുക്കളോടും ആശുപത്രിക്ക് പുറത്തിറങ്ങാൻ നിർദ്ദേശം നൽകി. ഇതോടെ എല്ലാവരും പുറത്തേക്കിറങ്ങിയോടി. സുരക്ഷയുടെ ഭാഗമായി ലിഫ്റ്റുകളുടെ പ്രവർത്തനം നിർത്തിവച്ചു.
എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസിലാക്കാതെ ആളുകൾ പരക്കം പാഞ്ഞത് രക്ഷാപ്രവർത്തനങ്ങളേയും തെല്ലൊന്ന് ബാധിച്ചു. ഫയർഫോഴ്സിന്റെ ജലപ്രവാഹത്തിന്റെ ശക്തിയിൽ ഒരു രോഗിയുടെ ബന്ധു നിലത്തുവീഴുകയും ചെയ്തു. ആർക്കും പരിക്കില്ല. രണ്ടാംനിലയിലെ രോഗികളെ മുഴുവൻ കുറഞ്ഞ സമയം കൊണ്ട് താഴെയെത്തിക്കാൻ സാധിച്ചതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്.
ആകെ 120 രോഗികളാണ് അപകടസമയത്ത ആശുപത്രിയിൽ ഉണ്ടായിരുന്നത്.
ഐസിയുവിലുണ്ടായിരുന്ന രണ്ടുപേരെ പ്രത്യേക സംവിധാനമൊരുക്കി പരിചരിക്കുകയായിരുന്നു. ഇവരെ മറ്റ് ആശുപത്രികളിൽ എത്തിച്ചു. പുലർച്ചെ അഞ്ചുമണിയോടെയാണ് സ്ഥിതിഗതികൾ ശാന്തമായത്. ആശുപത്രി താത്കാലികമായി അടച്ചിരിക്കുകയാണ്.പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും ശേഷമേ സാധാരണനിലയിൽ പ്രവർത്തിക്കൂ.
പത്തോളം ഫയർ എൻജിനുകൾ:ഇരുപത്തിയഞ്ചോളം ആംബുലൻസുകൾ
തൃശൂർ: സണ് മെഡിക്കൽ സെന്ററിന്റെ വിശാലമായ മുറ്റത്ത് ആംബുലൻസുകളും ഫയർഎൻജിനുകളും നിറഞ്ഞു. പത്തോളം ഫയർ എൻജിനുകൾ തീയണക്കാനുള്ള തീവ്രശ്രമത്തിലേർപ്പെട്ടപ്പോൾ ഇരുപത്തിയഞ്ചോളം ആംബുലൻസുകൾ രോഗികളെ മറ്റ് ആശുപത്രിലേക്ക് എത്തിക്കാനും ഏത് അടിയന്തരാവസ്ഥയെ നേരിടാനും തയാറായി ആശുപത്രിയിലുണ്ടായിരുന്നു.
ഇതിനു പുറമെ പോലീസ് വാഹനങ്ങളും എല്ലാ സജ്ജീകരണങ്ങളോടും കൂടി ആശുപത്രിയിലെത്തിയിരുന്നു. ആക്ട്സിന്റെയും ദയ, അശ്വിനി, മെട്രോ, ജൂബിലി, എലൈറ്റ് എന്നീ ആശുപത്രികളിലേയും ആംബുലൻസുകൾ സർവസന്നാഹങ്ങളുമായി പാഞ്ഞെത്തി.
ഈസ്റ്റ് സിഐ സേതുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഫയർ ഓഫീസർ എ.എൽ. ലാസറും സേനാംഗങ്ങളും രണ്ട് ടീമുകളായി തിരിഞ്ഞ് രക്ഷാപ്രവർത്തനങ്ങളും തീയണക്കലും നടത്തി. അഞ്ച് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ എൻജിനുകൾ രക്ഷാപ്രവർത്തനങ്ങൾക്കെത്തിയിരുന്നു.