ചെങ്ങന്നൂർ: മെഴുകുതിരിയിൽ നിന്നും തീപടർന്ന് കിടപ്പുമുറികത്തിനശിച്ചു. പുലിയൂർ വെട്ടിക്കാട്ട് ബിജിരാജിന്റെ വാടകവീട്ടിലാണ് തീപിടിച്ചത്. ഇന്നലെ രാത്രി 10.30നാണ് സംഭവം. രാത്രി വൈദ്യുതി ഇല്ലാത്തതിനാൽ വാഷിംഗ് മെഷീന് സമീപം മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. വൈദ്യുതി വന്നപ്പോഴാണ് മുറിക്കുളളിൽ തീപടരുന്നത് കണ്ടത്.
ഉടൻതന്നെ ചെങ്ങന്നൂർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ജനൽ ചില്ലുകൾ തകർത്താണ് മുറിക്കുളളിലെ തീ നിയന്ത്രണ വിധേയമാക്കിയത്. മുറിക്കുളളിൽ സൂക്ഷിച്ചിരുന്ന വാഷിംഗ് മെഷീനും തുണികളും പുസ്തകങ്ങളും ഫയലുകളും ഉൾപ്പടെ കത്തിനശിച്ചു. 30,000രൂപയുടെ നാശനഷ്ടം കണക്കാക്കുന്നത്.