തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ കേരള മെഡിക്കൽ കോർപറേഷൻ മരുന്ന് ഗോഡൗണിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ ഗോഡൗൺ പൊട്ടിത്തെറിച്ചു. അപകടത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു.
പുലർച്ചെ 1.30ന് വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. 1.23 കോടി രൂപയുടെ കെമിക്കലുകൾ ആണ് കത്തി നശിച്ചത്. ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്.
തീയണയ്ക്കുന്നതിനിടെ കോൺക്രീറ്റ് ഭിത്തി രഞ്ജിത്തിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. കോൺക്രീറ്റ് പാളിക്കടിയിൽപ്പെട്ട രഞ്ജിത്തിനെ ഏറെ നേരം പണിപ്പെട്ടാണ് പുറത്തെത്തിച്ചത്.
ദേഹമാസകലം പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു വിദഗ്ധ ചികിത്സ നൽകിയെങ്കിലും 3.50 ന് മരിച്ചു. ആറ്റിങ്ങൽ കരിച്ചിയിൽ ജെ.എസ്. നിവാസിൽ ജയകുമാരൻനായരുടെയും സിന്ധുവിന്റെയും മകനാണ് രഞ്ജിത്ത്. അവിവാഹിതനാണ്. സഹോദരൻ ശ്രീജിത്ത്.
നാല് വർഷം മുൻപാണ് രഞ്ജിത്ത് ഫയർഫോഴ്സിൽ സേവനത്തിനെത്തിയത്. ഒരു വർഷക്കാലമായി ചാക്ക ഫയർയൂണിറ്റിലാണ് സേവനമനുഷ്ഠിച്ച് വന്നിരുന്നത്.
മരണാനന്തര നേത്രദാനത്തിന് സമ്മതപത്രം എഴുതി നൽകിയിരുന്നതിനാൽ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യുമെന്ന് ബന്ധുക്കൾ പറഞ്ഞു. ചാക്ക, ചെങ്കൽചൂള ഫയർഫോഴ്സ് യൂണിറ്റുകളിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം ആറ്റിങ്ങലിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും.
ആറ്റിങ്ങലിലെ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. വലിയൊരു സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു രഞ്ജിത്ത്.ബ്ലീച്ചിംഗ് പൗഡറിന് തീപിടിച്ചതാണ് അപകടകാരണം. ഇത് മറ്റ് രാസവസ്തുക്കളിലേക്കും പടർന്ന് പിടിക്കുകയായിരുന്നു.
മരുന്നുകൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീ പടരാത്തതിനാൽ മരുന്നുകൾ സുരക്ഷിതമാണ്. മരുന്നുകൾ മറ്റൊരു കെട്ടിടത്തിലായിരുന്നു. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ മായും കത്തി നശിച്ചു.
അപകടം നടക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളു. അപകടം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.
ഫോറൻസിക് വിദഗ്ധർ ഉൾപ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്. പത്ത് വർഷമായി പ്രവർത്തിച്ച് വരുന്ന കെട്ടിടമാണ് കത്തിനശിച്ചത്.കഴിഞ്ഞ 17ന് കൊല്ലം ഉളിയക്കോവിലിൽ സർക്കാർ മരുന്നു സംഭരണശാലയിലുണ്ടായ തീപിടിത്തത്തിൽ എട്ടു കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു.