കാക്കനാട്: അർധരാത്രി വീട്ടിൽ കയറി പ്ലസ്ടു വിദ്യാർഥിനിയെ തീകൊളുത്തി കൊന്നു യുവാവ് സ്വയം തീകൊളുത്തി മരിച്ചെന്ന വാർത്ത ജില്ലാ ആസ്ഥാനമായ കാക്കനാടിനു ഞെട്ടലായി. അത്താണിയിൽ കാളങ്ങാട്ട് പത്മാലയത്തിൽ ഷാലന്റെ വീട്ടിൽനിന്ന് അർധരാത്രി കൂട്ടനിലവിളി കേട്ട് ഓടിയെത്തിയവർ ഭീകരദൃശ്യത്തിനാണു സാക്ഷ്യം വഹിച്ചത്.
മിഥുൻ വീടിനു മുന്നിലും ദേവിക വീടിനകത്തും നിന്നു കത്തുകയായിരുന്നു. തൊട്ടടുത്ത് അലറിക്കരയുന്ന ദേവികയുടെ അമ്മ മോളിയും സഹോദരി ദേവകിയും. തൊട്ടടുത്ത ഗ്രൗണ്ടിൽ രാത്രിയിൽ കളിച്ചുകൊണ്ടിരുന്ന യുവാക്കളും അയൽവാസികളുമാണ് ആദ്യം ഓടിയെത്തിയത്.
സമീപവാസിയായ കൃഷ്ണൻ കത്തിക്കൊണ്ടിരുന്ന ഇരുവരുടെയും ദേഹത്ത് വെള്ളമൊഴിച്ചു തീകെടുത്തി. വെള്ളമൊഴിച്ചപ്പോഴേക്കും ദേവിക താഴെവീണു. ചുരുണ്ടുകൂടിയ ശരീരം പിന്നെ അനങ്ങിയില്ല. മിഥുന്റെ ദേഹത്തെ തീ അണച്ചപ്പോൾ കൈകൾക്ക് അനക്കമുണ്ടായിരുന്നതായി സമീപവാസി റഹ്മത്ത് പറഞ്ഞു. ഇവരാണു വിവരം പോലീസിനെ അറിയിച്ചത്.
പോലീസെത്തി ആദ്യം മിഥുനെയും പിന്നീട് ദേവികയെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേവികയെക്കുറിച്ചു നാട്ടുകാർക്കു നല്ലതേ പറയാനുള്ളു. നന്നായി പഠിക്കും. എല്ലാവരോടും പുഞ്ചിരിയോടെ സൗമ്യമായ പെരുമാറ്റം.
അയൽവാസികളായ സ്ത്രീകൾ ദേവികയെപ്പറ്റി പറയുന്പോൾ പൊട്ടിക്കരയുകയായിരുന്നു. ദേവികയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയശേഷം സംസ്കരിച്ചു. സഹപാഠികളും അധ്യാപകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
സഹപാഠികൾ വിതുന്പിക്കരഞ്ഞുകൊണ്ടാണു തങ്ങളുടെ പ്രിയ കൂട്ടുകാരിക്കു അന്ത്യാഞ്ജലിയർപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, പി.ടി. തോമസ് എംഎൽഎ, എഡിഎം കെ. ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ ദേവികയുടെ വീട്ടിലെത്തി.