കൊച്ചി: എറണാകുളം പച്ചാളത്ത് വീടിന് തീപിടിച്ചു. വീട്ടുകാര്‍ അത്ഭുതരകമായി രക്ഷപ്പെട്ടു. ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് പച്ചാളം ടി.ഡി. നാരായണമേനോന് റോഡിന് സമീപത്തെ വീടിന് തീപിടിച്ചത്.
പച്ചാളം കല്ലുവീട്ടില്‍ കെ.വി. സാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. എഡ്വിന് ഡിക്കോസ്റ്റ എന്നയാള്‍ക്ക് താമസത്തിനായി പണയത്തിന് നല്‍കിയിരിക്കുകയായിരുന്നു.
തീപിടിത്തമുണ്ടായപ്പോള്‍ തന്നെ വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങിയോടിയതിനാല്‍ ആളപായമുണ്ടായില്ല. ഓടിട്ട വീട് ഭാഗികമായും ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും പൂര്‍ണമായും കത്തിനശിച്ചു.
ക്ലബ് റോഡ് ഫയര്‍ ഫോഴ്സില്‍നിന്നും രണ്ടു യൂണിറ്റും ഗാന്ധിനഗറില്‍ നിന്നും ഒരു യൂണിറ്റും എത്തി ഒരു മണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീപിടിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നതെങ്കിലും സിലിണ്ടറില്‍ ചോര്‍ച്ചയൊന്നും കണ്ടെത്താനായില്ല. ഏകദേശം നാലു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഫയര്‍ ഫോഴ്സ് അറിയിച്ചു.