കൊച്ചി: കൊച്ചി നഗരത്തിൽ കത്തിനശിച്ച പാരഗണ് ചെരുപ്പ് കന്പനിയുടെ അഞ്ച് നിലകളിലുള്ള ഗോഡൗണിന്റെ ഫയർ എൻഒസി പുതുക്കിയിരുന്നില്ലെന്ന് കണ്ടെത്തൽ, ഇതുൾപ്പെടെയുള്ള അന്വഷണ റിപ്പോർട്ട് ഫയർഫോഴ്സ് അന്വേഷണസംഘം മൂന്ന് ദിവസത്തിനകം ഫയർഫോഴ്സ് ഡയറക്ടർ ജനറലിനും ജില്ലാ കളക്ടർക്കും കൈമാറും.
വിശദമായ റിപ്പോർട്ടാകും സമർപ്പിക്കുകയെന്ന് അന്വേഷണ സംഘം രാഷ്ട്രദീപികയോട് വ്യക്തമാക്കി. കോട്ടയം റീജണൽ ഫയർ ഓഫീസർ, എറണാകുളം റീജണൽ ഫയർ ഓഫീസർ, എറണാകുളം ജില്ലാ ഫയർ ഓഫീസർ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ഫയർഫോഴ്സ് ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രനും എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ളയും ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള അന്വേഷണ സംഘത്തിന്റെ പരിശോധന ഇന്ന് രാവിലെ മുതൽക്കേ ആരംഭിച്ചു. തീപിടിത്തമുണ്ടായ സാഹചര്യം, കെട്ടിടം നിയമം പാലിച്ചാണോ പ്രവർത്തിച്ചിരുന്നത്, ലൈസൻസ് നേടിയശേഷം മറ്റ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നോ എന്നതുൾപ്പെടെ പരിശോധിക്കുന്ന സംഘം കൊച്ചിയിലെ മറ്റിടങ്ങളിൽ ഇത്തരത്തിൽ അപകടം സംഭവിക്കാനിടയുള്ള സ്ഥലങ്ങൾ, തീപിടിത്തമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാകും സമർപ്പിക്കുക.
ചെരുപ്പ് കന്പനി 2006 ലാണ് ഫയർ എൻഒസി നേടിയിരുന്നത്. പിന്നീട് എൻഒസി പുതുക്കിയിരുന്നില്ലെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. നേരത്തേ എൻഒസി വർഷാവർഷം പുതുക്കേണ്ടിയിരുന്നില്ല. നാല് വർഷം മുന്പിറക്കിയ പുതിയ ഉത്തരവ് പ്രകാരം എല്ലാ വർഷവും ഫയർ എൻഒസി പുതുക്കേണ്ടതുണ്ടെന്നും അധികൃതർ പറഞ്ഞു.
അതിനിടെ, ഗോഡൗണിന് ചട്ടപ്രകാരമുള്ള ലൈസൻസോ അംഗീകാരമോ ഉണ്ടോയെന്ന് പരിശോധിക്കാൻ കൊച്ചി മേയറും നിർദേശം നൽകി കഴിഞ്ഞു. കോർപ്പറേഷനിൽനിന്ന് ലൈസൻസ് നേടിയിട്ടുണ്ടെങ്കിൽ ഫയർ എൻഒസി പുതുക്കാതെ എങ്ങനെ ലൈസൻസ് നൽകിയെന്ന ചോദ്യവും ഉയർന്നുവന്നേക്കാം. അതിനിടെ, സംഭവത്തിൽ കൊച്ചി സിറ്റി പോലീസും കേസെടുത്തു. എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തീ പിടിത്തത്തിനു കാരണം അന്വേഷിക്കുന്ന പോലീസ് അട്ടിമറി സാധ്യതയുൾപ്പെടെ പരിശോധന വിഷയമാക്കുമെന്നാണ് സൂചന. നഗരത്തെയാകെ പരിഭ്രാന്തിയിലാക്കി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കളത്തിപറന്പ് റോഡിലുള്ള ഗോഡൗണിന് ഇന്നലെ രാവിലെ 11.30 ഓടെയാണ് തീപിടിത്തമുണ്ടായത്. അഞ്ചു നില കെട്ടിടവും പായ്ക്കിംഗിനു സൂക്ഷിച്ചിരുന്ന ചെരിപ്പു ശേഖരവും പൂർണമായി കത്തിനശിച്ചു.
അപകടത്തിൽ ആളപായം സംഭവിച്ചിട്ടില്ല. ആറു കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൂട്ടൽ. ജനറേറ്ററിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമെന്നാണു പ്രാഥമിക നിഗമനം. എറണാകുളം, ആലപ്പുഴ, തൃശൂർ, കോട്ടയം ജില്ലകളിൽനിന്നുള്ള 65 ഫയർ യൂണിറ്റുകൾ നാലരമണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പൂർണായി കെടുത്തിയെങ്കിലും ചെറിയ രീതിയിൽ പുക ഉയരുന്നതിനെത്തുടർന്ന് രാത്രിയിൽ ഉൾപ്പെടെ ഏതാനും ഫയർഫോഴ്സ് സംഘം സ്ഥലത്ത് തുടർന്നു.
തീ കണ്ട ഉടൻതന്നെ മറ്റു നിലകളിലുള്ള ജീവനക്കാരെ വിവരമറിയിക്കുകയും അവർ സുരക്ഷാ വാതിൽവഴി പെട്ടെന്നു പുറത്തിറങ്ങുകയും ചെയ്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. തീ ആളിക്കത്തിയതോടെ പ്രദേശമാകെ കറുത്ത പുക നിറയുകയും സമീപത്തെ കെട്ടിടങ്ങളിൽനിന്നു ആളുകളെ മാറ്റുകയും ചെയ്തിരുന്നു.