കോഴിക്കോട്: ചെറുവണ്ണൂരില്‍ ദേശീയ പാതയോരത്തെ ആക്രി സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ചെറുവണ്ണൂര്‍ ശാരദ മന്ദിരത്തിനു സമീപത്തെ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ചു സൂക്ഷിക്കുന്ന സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്.
ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. തീപിടിത്ത കാരണം വ്യക്തമല്ല. നാല് മണിക്കൂറിനുശേഷമാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. ഗോഡൗണില്‍നിന്നു തീ ഉയരുന്നതു ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ മീഞ്ചന്ത ഫയര്‍ഫോഴ്സ് യൂണിറ്റില്‍ അറിയിക്കുകയായിരുന്നു.
അണയാതെ തീ
ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ല . തുടര്‍ന്ന് ബീച്ച്, വെള്ളിമാട്കുന്ന്, മുക്കം, തുടങ്ങി കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സും
മലപ്പുറം ജില്ലയില്‍ നിന്നുള്ള ഫയര്‍ഫോഴ്സും ഉള്‍പ്പെടെ 30 ഓളം യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പ്ലാസ്റ്റിക് കത്തിയുള്ള കറുത്ത പുകയും മറ്റും തീയണയ്ക്കുന്നതിന് പ്രതികൂലമായി ബാധിച്ചു.
സംഭവസ്ഥലത്തുനിന്നും ഒന്‍പതു കിലോമീറ്റര്‍ അകലെയുള്ള മാനാഞ്ചിറയില്നിന്നാണ് തീയണയ്ക്കാനുള്ള വെള്ളം എത്തിച്ചത്. ആദ്യഘട്ടത്തില്‍ വെള്ളം എത്തിക്കുന്നതിന് ചില ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും കൂടുതല്ഫയര്ഫോഴ്സ് യൂണിറ്റ് എത്തിയതോടെ രക്ഷാപ്രവര്‍ത്തനം സുഗമമായി.
വെള്ളവുമായി ഫയര്‍ഫോഴ്സിന് പോവാനുള്ള വഴികളില്‍ ഗതാഗതതടസമില്ലാത്ത വിധം പോലീസ് പ്രത്യേകം സംവിധാനമൊരുക്കി. 1500 ചതുരശ്ര അടിയുള്ള കെട്ടിടത്തിന്റെ മുന്‍വശത്ത് നിന്നാണ് തീപിടരുന്നത് ശ്രദ്ധയില്‍പെട്ടത്.
പിന്നീട് നിമിഷങ്ങള്‍ക്കുള്ളില്‍ തീ ആളിക്കത്തി പ്രദേശത്ത് കറുത്തപുക നിറയുകയായിരുന്നു. പടര്ന്ന്പിടിച്ച തീ പിന്നീടു ഗോഡൗണിന്റെ പിറക് വശത്തേക്കും പടര്‍ന്നു.
തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട നല്ലളം പോലീസ് ആദ്യം തന്നെ ഗോഡൗണിനു സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ എടുത്തുമാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൂടാതെ സമീപത്തുള്ള ആളുകളേയും പോലീസ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
തൊട്ടടുത്ത് കാര്ഷോറൂമുകളും റോഡിന് എതിര്‍വശത്തായി പെട്രോള്‍ പമ്പുമുള്ളത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. കൂടാതെ സമീപത്ത് ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനും എല്‍പിജി പാചക ഗ്യാസ് ഗോഡൗണുകളുമുണ്ടായിരുന്നു.
അതിനാല്‍ തീ മറ്റിടങ്ങളിലേക്ക് പടരാതിരിക്കുന്നതിനുള്ള മുന്‍കരുതലുകളായിരുന്നു ഫയര്‍ഫോഴ്സ് ആദ്യം സ്വീകരിച്ചത്. നാലു ഭാഗവും ഷീറ്റുകൊണ്ട് നിര്മിച്ചുള്ളതായതിനാല് തീ പുറത്തേക്ക് പടരാനുള്ള സാധ്യത കുറവായിരുന്നു.
ഷീറ്റ് പൊളിച്ചാല്‍ തീപടരുമെന്നതിനാല്‍ ചെറിയ ദ്വാരങ്ങളുണ്ടാക്കിയാണ് ഫയര്‍ഫോഴ്സ് ഉള്ളിലേക്ക് വെള്ളം അടിച്ച് തീയണച്ചത്. ആറുവശത്തുകൂടി ഓരേ സമയം വെള്ളം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.
അനുമതിയില്ലാതെ
അതേസമയം സംഭരണ കേന്ദ്രത്തിനു നിയമാനുസൃതമായ അനുമതിയുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. തീപിടിത്തമുണ്ടായ സ്ഥലത്ത് മന്ത്രി എ.കെ.ശശീന്ദ്രന് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ചെയ്തു.
കോര്പറേഷന് മേയര്‍ ബീനാഫിലിപ്പും സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. സൗത്ത് അസി.കമ്മീഷണര്‍ എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വേണ്ട സഹായങ്ങള്‍ ഒരുക്കിയിരുന്നു.
രക്ഷാപ്രവര്‍ത്തകർക്കു മന്ത്രിയുടെ അഭിനന്ദനം
കോഴിക്കോട്: ചെറുവണ്ണൂരിലെ പ്ലാസ്റ്റിക് ഗോഡൗണിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്. പഴയ വസ്തുക്കളാണ് കത്തി നശിച്ചത്. അതിനാല്‍ നഷ്ടം എത്രയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.
തീപിടിത്തവുമായി ബന്ധപ്പെട്ട് എല്ലാവശങ്ങളും പരിശോധിക്കാനും അന്വേഷണം നടത്താനും ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു. ലൈസന്‍സ് പോലുമില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്നാണു പ്രാഥമിക വിവരം. വന്‍ തീപിടിത്തമാണ് സ്ഥലത്തുണ്ടായത്.
അതിരാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയ അഗ്നിശമന സേനാവിഭാഗവും പോലീസും നാട്ടുകാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത് അപകടത്തിന്റെ വ്യാപ്തി കുറച്ചതായും അഭിനന്ദനാര്‍ഹമായ ഇടപെടലുകളാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു.