തിരുവല്ല: യുവതിയെ പൊള്ളലേല്പിച്ച സംഭവത്തിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. തിരുവല്ല നഗരമധ്യത്തിൽ പട്ടാപ്പകൽ യുവതിയെ പെട്രോൾ ഒഴിച്ച് പൊള്ളലേല്പിച്ച സംഭവത്തിലെ പ്രതി കുമ്പനാട് സ്വദേശി അജിൻറെജി മാത്യുവി (18) നെ കഴിഞ്ഞ ദിവസം തിരുവല്ല പോലീസ് കസ്റ്റഡിയിൽ വാങ്ങി.
തുടർന്ന് കൃത്യം നടത്തിയ തിരുവല്ല ചിലങ്ക ജംഗ്ഷൻ, ഇയാൾ പെട്രോൾ വാങ്ങിയ പുല്ലാട്ടുള്ള സ്വകാര്യ പെട്രോൾ പമ്പ് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പിന്നീട് തിരുവല്ല സിഐയുടെ നേതൃത്വത്തിൽ കൂടുതൽ ചോദ്യം ചെയ്തു. ഇന്ന് പ്രതിയെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കും. സംഭവത്തിൽ ഗുരുതരമായ പൊള്ളലേറ്റ യുവതി ഇപ്പോഴും അപകടനില തരണം ചെയ്യാതെ എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.