കൊച്ചി: തിരുവല്ല നഗരമധ്യത്തിൽ പട്ടാപ്പകൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിഞ്ഞുവരുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നും ഇപ്പോഴും നിരീക്ഷണത്തിലാണെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. പെൺകുട്ടിക്ക് 52 ശതമാനത്തോളം പൊള്ളലേറ്റതായാണ് അധികൃതർ പറയുന്നത്.
തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി പഠിക്കുന്ന അയിരൂർ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് പൊള്ളലേറ്റത്. പുഷ്പഗിരി മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ഇന്നലെ ഉച്ചയോടെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.