മംഗലംഡാം: വനാതിർത്തികളിൽ ഫയർലൈൻ നിർമാണം വൈകുന്നത് കാട്ടുതീ പടർന്നു വൻനഷ്ടമുണ്ടാകാൻ സാധ്യത.
മംഗലംഡാം ഫോറസ്റ്റ് റേഞ്ച് ഓഫീസ് പരിധിയിൽ മുപ്പതുകിലോമീറ്ററിലാണ് ഫയർലൈൻ നിർമാണം വൈകുന്നത്. ടെണ്ടർനടപടി വൈകുന്നതാണ് ഫയർലൈൻ പണികൾക്കു തടസമാകുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
തുക കുറയുന്നതിനാൽ ടെണ്ടർ എടുക്കാൻ ആളില്ലാത്ത സ്ഥിതിയുണ്ടെന്നും പറയുന്നു. ഈവർഷം ഫയർലൈൻ നിർമാണത്തിനുള്ള ഫണ്ടും കുറവാണ്. തീപടരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അഞ്ചുമീറ്റർ വീതിയിലാണ് ഫയർലൈൻ ഉണ്ടാക്കുക. മേഖലയിൽ തുലാമഴയോ ന്യൂനമർദ മഴയോ ലഭിക്കാത്തതിനാൽ പാറപ്പുറങ്ങളുള്ള പ്രദേശങ്ങളിൽ നല്ല ഉണക്കുണ്ട്.
പുല്ലും പൊന്തക്കാടുകളും ഉണങ്ങി ഏതുസമയവും തീപടരാമെന്ന സ്ഥിതിയാണ്. എല്ലാവർഷവും തീപിടിത്തമുണ്ടാകുന്ന പ്രദേശമാണ് ഫോറസ്റ്റ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കരിങ്കയം ഭാഗത്തെ സർക്കാർ വക തേക്കുതോട്ടം.
ആരെങ്കിലുമൊക്കെ അശ്രദ്ധമായി ഉപയോഗിക്കുന്ന തീയാണ് ഇവിടെ ഹെക്ടർകണക്കിന് തേക്കുതോട്ടം കത്തി ചാന്പലാകാൻ കാരണമാകുന്നത്. ഫയർലൈൻ നിർമാണം വൈകുന്നത് തീപടരാനുള്ള സാധ്യതയും വർധിപ്പിക്കും.