പാലപ്പിളളി: ആദിവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് കോടതി നിർദേശിച്ച കൂലി നൽകാതെ വനംവകുപ്പിന്റെ ഉരുണ്ടുകളി. പരാതിക്കൊരുങ്ങി തൊഴിലാളികൾ. വനം വകുപ്പിനുവേണ്ടി ഫയർലൈൻ നിർമാണം നടത്തിയ 14 തൊഴിലാളികൾക്ക് അർഹമായ കൂലി ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുന്നുവെന്നാണ് ആരോപണം.
205000 രൂപ കൂലിയിനത്തിൽ നൽകാൻ നിർദേശമുണ്ടെ ങ്കിലും 1,56,000 രൂപ മാത്രമേ നൽകാനാകൂ എന്ന നിലപാടിലാണ് വകുപ്പ് അധികൃതർ.ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് ഓഫീസിലെത്തിയ തൊഴിലാളികളോട് കിട്ടാനുള്ള തുക മുഴുവൻ കിട്ടിയെന്ന് എഴുതി, ഒപ്പിട്ടു നൽകാൻ ഡിഎഫ്ഒ ആവശ്യപ്പെട്ടതായി തൊഴിലാളികൾ പറയുന്നു. എന്നാൽ നൽകുന്നതുകയ്ക്കുള്ള രസീതി മാത്രമേ നൽകൂ എന്നായിരുന്നു തൊഴിലാളികളുടെ നിലപാട്.
ബാങ്ക് അക്കൗണ്ട് വഴി തുക കൈമാറാനുള്ള തൊഴിലാളികളുടെ ആവശ്യം ഉദ്യോഗസ്ഥർ നിരസിച്ചുവെന്നും ആരോപണമുണ്ട്. വകുപ്പ് അനുവദിച്ച തുകയുടെ ചെക്ക് മാറിനൽകുക മാത്രമാണ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായും തൊഴിലാളികൾ പറയുന്നു
ഒരു വർഷം മുൻപ് പാലപ്പിള്ളി റെയ്ഞ്ച് പരിധിയിൽ ഫയർലൈൻ നിർമിച്ചതിനും കാടുവെട്ടിത്തെളിച്ചതിനുമുള്ള കൂലിയാണ് വനം വകുപ്പ് നൽകാനുള്ളത്. കഴിഞ്ഞ ജനുവരി 31-ന് വരന്തരപ്പിള്ളിയിൽ നടന്ന അദാലത്തിൽ പാലപ്പിള്ളി ഡിഎഫ്ഒ യും വനംവകുപ്പിനു വേണ്ട ി കരാർ ഏറ്റെടുത്ത കണ്വീനറും ഇക്കാര്യം സമ്മതിച്ചതുമായിരുന്നു.
ഡിഎഫ്ഒ കോടതി നിർദ്ദേശം ലംഘിച്ചുവെന്നാണ് തൊഴിലാളികളുടെ ആരോപണം. പരാതിയുമായി ലീഗൽ സർവീസ് അഥോറിറ്റിയെ സമീപിക്കുമെന്ന് തൊഴിലാളികൾ പറഞ്ഞു.തൊഴിലാളികളുടെ കൂലി പ്രശ്നം നേരത്തേ പരിഹരിച്ചതാണെന്ന് ഡിഎഫ്ഒ ആർ. കീർത്തി പറയുന്നു.
കാടുവെട്ടിയതിനുള്ള കൂലിയാണ് ഇപ്പോൾ കൊടുക്കാമെന്നേറ്റത്. 1,56,000 രൂപ തൊഴിലാളികൾ നാളെ വാങ്ങുമെന്നും ഫയർലൈൻ നിർമാണത്തിനുള്ള കൂലി നേരത്തേ കൊടുത്തു തീർത്തതാണെന്നും ഡിഎഫ്ഒ പറഞ്ഞു. തൊഴിലാളികൾ കിട്ടാനുണ്ടെ ന്നു പറയുന്ന 2,05,000 രൂപയെക്കുറിച്ച് അറിയില്ലെന്നാണ് ഡിഎഫ്ഒ പറയുന്നത്.