നാദാപുരം: വാണിമേല് പഞ്ചായത്തിലെ മലയങ്ങാട് കൂത്താളി മലയോരത്തെ അഗ്നിയില് പതിനഞ്ചോളം ഏക്കര് കൃഷി ഭൂമി കത്തി ചാമ്പലായി. ഇന്നലെ ഉച്ചേയാടെയാണ്കൃഷിയിടത്തില് തീ ആളിപ്പടര്ന്നത്. പുന്നത്താനം ഫിലിപ്പ്, പാലോളി മത്തായി, വാണിമേല് സ്വദേശികളായ മറ്റ് കര്ഷകരുടെയും കാര്ഷിക വിളകളാണ് കത്തി നശിച്ചത്.അഞ്ച് ഏക്കറോളം റബ്ബര്, കശുമാവ്, കവുങ്ങ്, കുരുമുളക്, മൂന്ന് ഏക്കറോളം തേക്കിന് തോട്ടവുമാണ് കത്തി നശിച്ചത്.
സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില് നിന്നാണ് തീ പടര്ന്ന് പിടിച്ചത്.തീ കൃഷിയിടങ്ങളിലേക്ക് പടര്ന്നതോടെ നാട്ടുകാര് ഓടിയെത്തി തീ അണക്കാന് ശ്രമിക്കുകയായിരുന്നു.ഫയര്ഫോഴ്സില് വിവരം അറിയിക്കുകയും ചെയ്തു.ചേലക്കാട് നിന്ന് ഫയര്ഫോഴ്സ് സംഘം മലയങ്ങാട് എത്തിയെങ്കിലും ഫയര്ഫോഴ്സ് വാഹനം സംഭവ സ്ഥലത്ത് എത്താന് കഴിഞ്ഞില്ല.
പാറക്കൂട്ടങ്ങള് നിറഞ്ഞ ഇടുങ്ങിയ വഴിയും ചെങ്കുത്തായ കയറ്റവുമായതിനാലാണ് വലിയ വാഹനത്തിന് എത്താന് കഴിയാതെ വന്നത്.രണ്ട് കിലോമീറ്ററോളം കാല് നടയായി എത്തിയാണ് ഫയര് ഫോഴ്സ് അംഗങ്ങള് കുന്നിന് മുകളില് എത്തിയത്.രാത്രി എട്ടിന്കുന്നിന് മുകളില് തീ പടര്ന്നുപിടിച്ചു പാറക്കൂട്ടങ്ങള്ക്കും തീ പിടിച്ചതായി നാട്ടുകാര് പറഞ്ഞു.
കൃഷിഭൂമിയിലെ തീ ഫയര്ഫോഴ്സ് സംഘവും നാട്ടുകാരും പറമ്പിലെ പച്ചിലകള് ഉപയോഗിച്ച് അടിച്ചാണ് തീ കെടുത്തിയത്.രണ്ട് മണിക്കൂറിലേറെ സമയം ഫയര്ഫോഴ്സിനൊപ്പം നാട്ടുകാരും ചേര്ന്ന് തീ നിയന്ത്രിക്കുകയായിരുന്നു.വേനല് കനക്കുന്നതോടെ ഉണങ്ങിയ പുല്ലിനും മറ്റും തീപിടിക്കുന്നത് നിത്യ സംഭവമായി മാറിയ സാഹചര്യത്തില് പറമ്പില് തീ കത്തിക്കരുതെന്ന് ഫയര്ഫോഴ്സ് കര്ശന നിര്ദേശം നല്കിയിട്ടുണ്ട്.
നിര്ബന്ധഘട്ടത്തില് തീയിട്ടാല് കത്തി തീര്ന്ന് വെളളം ഒഴിച്ച് കെടുത്തിയ ശേഷം മാത്രമേ സ്ഥലത്ത് നിന്ന് പോകാന് പാടുളളൂ എന്ന നിര്ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.മലയങ്ങാട് തീപിടിത്തം ഉണ്ടായ സംഭവസ്ഥലത്തിനടുത്ത് ആദിവാസി കോളനിയും ഉണ്ട്. കോളനിയിലേക്ക് തീ പടരാതിരിക്കാന് ഫയര് ഫോഴ്സ് ഫയര്ബ്രേക്കിട്ടാണ് തീ നിയന്ത്രിച്ചത്.
കോളനിയിലേക്ക് തീ പടര്ന്നാല് വീടുകള് കത്തി ചാമ്പലാവുകയും ആളപായവും ഉണ്ടാവാന് സാധ്യതയുണ്ടായിരുന്നെന്ന് ഫയര്ഫോഴ്സ് അധികൃതര് പറഞ്ഞു.സ ്റ്റേഷന് ഓഫീസര് വാസത്ത്, ലീഡിംഗ് ഫയര്മാന് ഡബ്ലു സനല്,ജിജിത്ത് കൃഷ്ണകുമാര് ,എ. പ്രിയേഷ്,ടി.ബാബു,സി. സന്തോഷ്,ലിഗേഷ്,ഷാഗില് ,പി. പി. ഷമീല് എന്നിവരടങ്ങുന്ന ഫയര്ഫോഴ്സ് സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്,നാലര ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ മാസം കരുകുളത്തുണ്ടായ തീ പിടിത്തത്തില് അമ്പതോളം കര്ഷകരുടെ കാര്ഷിക വിളകള് കത്തി നശിച്ചിരുന്നു.