ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് സമീപത്തെ മുറിയിൽ തീ പടർന്നത് ആശങ്കയുളവാക്കി.
പുക ശ്വസിച്ചു ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഈ മുറിയിൽ ഉണ്ടായിരുന്ന നാലു രോഗികളിൽ രണ്ടു രോഗികളെ വാർഡുകളിലേയ്ക്കും, ഒരു രോഗിയെ നെഫ്രോളജി വാർഡിലും, ഒരു രോഗിയെ മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റി.
ഇന്നു പുലർച്ചെ രണ്ടിനായിരുന്നു തീപിടിത്തമുണ്ടായത്. പ്രധാന കവാടത്തിന് വലത് വശത്തായി സ്ഥിതി ചെയ്യുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് ആവശ്യമായ ശുദ്ധജലം ക്രമീകരിക്കുന്നതിനുള്ള ഒരു മുറിയുണ്ട് ഈ ജലശുദ്ധീകരന്ന ശാലയിലേക്ക് വെള്ളം പന്പ് ചെയ്യുന്ന മോട്ടോറിന്റെ പുറത്തെ (ബൈ കാർബണേറ്റ്) പ്ലാസ്റ്റിക് കവർ കത്തി.
ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ ബിനോയ് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡയാലിസിസ് ടെക്നീഷന്മാരായ യുവതികൾ ചേർന്നു തീയണയ്ക്കുക യാ യിരുന്നു.
പുകപടലം മുറിക്കകത്ത് പടർന്നത് രോഗികൾക്കും പുറത്തു നിന്നിരുന്ന ബന്ധുക്കൾക്കളെയും ആശങ്കപ്പെടുത്തി.
വിവരമറിഞ്ഞ് കൂടുതൽ സെക്യൂരിറ്റിക്കാരും ജീവനക്കാരും എത്തി ഉടൻതന്നെ നാല് രോഗികളെയും അവിടെ നിന്നും മാറ്റി. സംഭവമറിഞ്ഞ് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി ജനങ്ങളെ നിയന്ത്രിച്ചു.