പേരൂർക്കട: പേരൂർക്കടയിൽ മൊത്തവ്യാപാര ശാലയുടെ ഗോഡൗണിൽ തീപിടിത്തം. 1.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. തമിഴ്നാട് തെങ്കാശി സ്വദേശി ഗുരുസ്വാമിയുടെ ഉടമസ്ഥതയിൽ പേരൂർക്കട അടുപ്പുകൂട്ടാൻപാറയിൽ പ്രവർത്തിച്ചുവരുന്ന മൊത്തവ്യാപാര ശാലയിലാണ് തീപിടിത്തമുണ്ടായത്.
ഇന്നു പുലർച്ചെ 1.30ന് അടുത്താണ് സംഭവം. അടുപ്പുകൂട്ടാൻ പാറയിലെ പ്രധാന റോഡിൽ 10 വർഷമായി പ്രവർത്തിച്ചുവരുന്ന എം.ആർ സ്റ്റോറിനാണ് തീപിടിച്ചത്. മൂന്നു നിലകളായി സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വ്യാപാരശാലയും രണ്ടാമത്തെ നിലയിൽ ഗോഡൗണും മൂന്നാമത്തെ നിലയിൽ ജീവനക്കാർക്കുള്ള താമസസ്ഥലവും ആണ്.
ഗോഡൗണിന്റെ ഭാഗത്തു നിന്ന് തീയും പുകയും ഉയരുന്നത് കണ്ട വഴിയാത്രികരിൽ ചിലരാണ് വിവരം വിവരം പോലീസിൽ അറിയിക്കുന്നത്. തുടർന്ന് ചെങ്കൽച്ചുള്ളയിൽ നിന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എസ്. തുളസീധരൻ നേതൃത്വത്തിൽ 3 യൂണിറ്റ് ഫയർ യൂണിറ്റ് സ്ഥലത്തെത്തി. നാട്ടുകാരും ഫയർഫോഴ്സും ഒരു മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ കെടുത്തിയത്.
ഗോഡൗണിന് സമാന്തരമായി ഇലക്ട്രിസിറ്റി ലൈൻ കടന്നു പോകുന്നുണ്ട്. ഇതിൽ നിന്നുണ്ടായ തീപ്പൊരി ആണോ അതോ ഷോർട്ട് സർക്യൂട്ടാണോ തീപിടുത്തത്തിന് കാരണമെന്ന് അറിവായിട്ടില്ല. ഗോഡൗണിൽ നിറയെ ഉണ്ടായിരുന്ന ബേസ്പോർഡ് പെട്ടികളിലേക്കും മറ്റും ആണ് തീപടർന്നത്. തീപിടിത്തത്തെ കുറിച്ച് ഉടൻതന്നെ അറിഞ്ഞതിനാൽ മൂന്നാമത്തെ നിലയിൽ താമസിക്കുകയായിരുന്നു ജീവനക്കാർ പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു.
തീപിടിത്തത്തിൽ രണ്ടാംനിലയുടെ ഭാഗം ഏറെക്കുറെ കത്തിനശിച്ചിട്ടുണ്ട്. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലാണ് മൊത്തവ്യാപാരശാലയുടെ ഒന്നാം നിലയിലേക്ക് അധികം തീപടരുന്നത് ഒഴിവാക്കിയത്.
സംഭവത്തിൽ പേരൂർക്കട പോലീസ് കേസെടുത്തു.