നാദാപുരം: കടമേരിക്കടുത്ത കീരിയങ്ങാടിയില്‍ വീടിനകത്തും പുറത്തും വസ്തുക്കള്‍ക്ക് തീ പിടിക്കുന്നത് വീട്ടുകാരേയും നാട്ടുകാരേയും പരിഭ്രാന്തിയിലാക്കി. കീരിയങ്ങാടി ടൗണിലെ കാളാം വീട്ടില്‍ മൊയ്തുവിന്റെ വീട്ടിലാണ് അത്ഭുത പ്രതിഭാസം.
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് വിവിധയിടങ്ങളിൽ തീ പടർന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ചൊവ്വാഴ്ച്ച ഉച്ചയോടെ വീടിന് പിന്‍വശത്തെ പറമ്പിലെ കുലക്കാറായ വാഴയാണ് ഞൊടിയിടയില്‍ കത്തി നശിച്ചത്. ഇതിന് തുടര്‍ച്ചയായി വൈകുന്നേരത്തോടെ വീടിന്റെ മറ്റൊരു വശത്തെ പറമ്പിലെ വാഴയിലും തീ പടര്‍ന്നു.
ബുധനാഴ്ച രാവിലെ ഒമ്പതിന് വീടിനകത്ത് മൊയ്തു നിസ്കാര സമയത്ത് ഉപയോഗിച്ചിരുന്ന ഷാളും വീടിന്റെ മുകള്‍ നിലയില്‍ സൂക്ഷിച്ച ഷൂസും കത്തി നശിച്ചു. ഉച്ചയോടെ വീടിന്റെ മുറ്റത്ത് ചുരുട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്ക് പൈപ്പിനും തീ പടര്‍ന്നു. പൈപ്പിന്റെ പല ഭാഗങ്ങളും അഗ്നിബാധയേറ്റ് കത്തി ഉരുകിയ നിലയിലാണ്.
വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും ജിയോളജി വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ കാരണം അറിയാനാകൂ എന്ന് ജിയോളജി അധികൃതര്‍ പറഞ്ഞതായി വീട്ടുകാര്‍ പറഞ്ഞു.