റോബിൻ ജോർജ്
കൊച്ചി: സംസ്ഥാനത്ത് വൻകിട കെട്ടിടങ്ങളിൽ അഗ്നിബാധയുണ്ടാകുന്ന പശ്ചാത്തലത്തിൽ ഫയർഫോഴ്സ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയതു ഗുരുതര ക്രമക്കേട്. ഒരോ ഫയർ യൂണീറ്റുകൾക്കു കീഴിയും പ്രത്യേക സംഘംതന്നെ രൂപീകരിച്ച് നടത്തിയ പരിശോധനകളിൽ 1328 കെട്ടിടങ്ങൾ സംസ്ഥാനത്ത് ഫയർ എൻഒസിയില്ലാതെ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
ഇത് സംബന്ധിച്ച റിപ്പോർട്ട് ഫയർഫോഴ്സ് ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രൻ സംസ്ഥാന സർക്കാരിന് കൈമാറും. ആലപ്പുഴ ജില്ലയിലാണ് ഫയർ എൻഒസിയില്ലാതെ ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത്.
180 കെട്ടിടങ്ങൾക്കാണ് ആലപ്പുഴ ജില്ലയിൽ ഇത്തരത്തിലുള്ളത്. 160 കെട്ടിടങ്ങളുടെ കണക്കുമായി കൊല്ലം ജില്ല രണ്ടാമതുണ്ട്. തൃശൂർ ജില്ലയിൽ 150 കെട്ടിടങ്ങൾക്കും കണ്ണൂരിൽ 134 കെട്ടിടങ്ങൾക്കും പാലക്കാട് 113 കെട്ടിടങ്ങൾക്കും എൻഒസിയില്ലെന്നാണ് ഫയർഫോഴ്സ് സംഘത്തിന്റെ പരിശോധനകളിൽ കണ്ടെത്തിയിട്ടുള്ളത്. കൊച്ചിയിലാകട്ടെ 89 കെട്ടിടങ്ങളാണ് ഫയർ എൻഒസിയില്ലാതെ പ്രവർത്തിക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കെട്ടിടങ്ങൾക്കു പുറമേ ഗോഡൗണുകളും ഇതിൽ ഉൾപ്പെടും.
അതേസമയം, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ ഈ കെട്ടിടങ്ങളിൽ ഭൂരിഭാഗവും നിലവിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഫയർ എൻഒസി ഹാജരാകാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പ്രവർത്തന ലൈസൻസ് നൽകിയത് സംബന്ധിച്ചും വരും ദിവസങ്ങളിൽ ചോദ്യംചെയ്യപ്പെട്ടേക്കാം.
കഴിഞ്ഞ മാസം കൊച്ചിയിൽ വൻകിട കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ ചെരുപ്പ് ഗോഡൗണിൽ വൻ അഗ്നിബാധയുണ്ടായ സാഹചര്യത്തിലാണ് പരിശോധന കർശനമാക്കാൻ ഫയർഫോഴ്സ് തീരുമാനിച്ചത്. ഇതുവരെ ഫയർ എൻഒസി ലഭിക്കാത്തതും ലഭിച്ചശേഷം പുതുക്കാത്തതുമായ കെട്ടിടങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകളാണ് പുരോഗമിക്കുന്നത്. നിലവിൽ എൻഒസിയില്ലാത്ത കെട്ടിടങ്ങളുടെ വിവരമാണ് സർക്കാരിന് കൈമാറുന്നതെന്നും ഏതാനും ദിവസങ്ങൾക്കകം എൻഒസി പുതുക്കാത്ത കെട്ടിടങ്ങളുടേത് ഉൾപ്പെടെയുള്ളവയുടെ എണ്ണം കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി.
ഫയർ എൻഒസിയില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ അവസ്ഥ ഗുരുതരമാണെന്നാണ് അധികൃതർ പറയുന്നത്. ഇത്തരം കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായാൽ തീ അണയ്ക്കുക പ്രയാസകരമാണെന്നതിനു പുറമേ മനുഷ്യ ജീവൻവരെ അപകടത്തിലായേക്കാം. നിലവിൽ പരിശോധനകൾ പുരോഗമിക്കുകയാണെന്നും ഒരോ ദിവസത്തെയും പരിശോധനകളുടെ വിവരം അതാത് ദിവസംതന്നെ ജില്ലാ തലത്തിൽനിന്ന് ഫയർഫോഴ്സ് ആസ്ഥാനത്തേയ്ക്ക് നൽകുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് നടത്തിവരുന്നതെന്നും അധികൃതർ വ്യക്തമാക്കി.