ഒറ്റപ്പാലം: പാലപ്പുറം പത്തൊന്പതാം മൈലിൽ വൻതീപിടുത്തം. പെട്രോൾ പന്പിനു സമീപമുള്ള എസ്. കെ ടയേഴ്സിലാണ് ഇന്നലെ രാത്രി 11 മണിയോടെ തീപിടിത്തമുണ്ടായത്. മിനിറ്റുകൾക്കകം ഷൊർണ്ണൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയതിലും കാറ്റ് പടിഞ്ഞാറോട്ട് ആയതിനാലും വൻ ദുരന്തം ഒഴിവായി.
തൊട്ടടുത്ത് തന്നെ താമസിക്കുന്ന പെട്രോൾ പന്പിന്റെ ഉടമയും നാട്ടുകാരും സ്ഥലത്തെത്തി പന്പിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതും രക്ഷയായി. ഏതാനും സമയത്തിനകം പാലക്കാട് നിന്നും ഫയർ ഫോഴ്സിന്റെ മറ്റൊരു യുണിറ്റും എത്തി. ടയർ വില്പന, റീസോളിംഗ്, പഞ്ചർ ഒട്ടിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്ന തിരക്കുള്ള സ്ഥാപനങ്ങളിൽ ഒന്നാണ് ഇത്. ഇന്നു രാവിലെയോടെ തീ പൂർണമായും അണച്ചു.