വടക്കഞ്ചേരി: പാലക്കുഴി റോഡിനോട് ചേർന്ന വനത്തിൽ വ്യാപകമായ തീ. രണ്ട് ദിവസമായി തുടരുന്ന തീ നിയന്ത്രിക്കാനാവാത്ത വിധം ഉൾക്കാടുകളിലേക്ക് നീങ്ങുകയാണ്. തീയണക്കാൻ മനുഷ്യ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഒളകര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് അധികൃതർ പറയുന്നുണ്ടെങ്കിലും വനപാലകരുടെ സാന്നിധ്യം സ്ഥലത്തില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.
കാട്ടിൽ നിന്നുള്ള തീ സ്വകാര്യ തോട്ടങ്ങളിലേക്ക് കയറാതിരിക്കാൻ തോട്ടം ഉടമകൾ ഫയർ ലൈൻ നിർമ്മിച്ച് രാവും പകലും കാവലിരിപ്പാണിപ്പോൾ. സ്വകാര്യ തോട്ടത്തിൽ നിന്നുള്ള തീ കാട്ടിലേക്ക് പടർന്നാൽ കേസ്സെടുക്കാൻ പാഞ്ഞെത്തുന്ന വനപാലകർ, കാട്ടിൽ നിന്നും സ്വകാര്യ തോട്ടങ്ങളിലേക്ക് തീ പടരുന്പോൾ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് വലിയ പ്രതിഷേധവും ഉയർത്തുന്നുണ്ട്.
പാലക്കുഴി റോഡിൽ മാത്രം താണിചുവട് മുതൽ നാല് കിലോമീറ്റർ ദൂരം വനപ്രദേശം കത്തി നശിച്ചു. ഇവിടുത്തെ ചെറു മരങ്ങളെല്ലാം അഗ്നിക്കിരയായി. ഉണങ്ങി നിന്നിരുന്ന വൻ മരങ്ങളിൽ തീ കത്തിനിൽക്കുകയാണ്. മേഖലയിലാകെ പുകയും കാറ്റുമായി അടുത്തെത്താനാകാത്ത വിധമാണ് തീയുടെ താണ്ഡവം. ഉൾക്കാട്ടിലെ മരങ്ങളിൽ കയറിയ തീ ഇനി ഏറെ ദിവസങ്ങൾ നീണ്ടു നിൽക്കും.
താണി ചുവട്കയറ്റത്തിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ കയറിയ തീ വടക്കഞ്ചേരി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അണച്ചു. കാടിനുള്ളിൽ നിന്നാണ് തീ തുടങ്ങിയതെന്ന് പറയുന്നു. ആന ഉൾപ്പെടെ കാട്ടുമൃഗങ്ങൾ നിറഞ്ഞ പീച്ചി വന്യമൃഗസംരഷണ കേന്ദ്രത്തിൽപ്പെടുന്നതാണ് ഈ വനപ്രദേശം. ഇത്രയും വ്യാപകമായി കാട് കത്താനുണ്ടായ സാഹചര്യം പരിശോധിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. വനാതിർത്തിയിലും മറ്റും ഫയർ ലൈൻ നിർമ്മിക്കാൻ കഴിയാതിരുന്നതും കാട്ടുതീ വലിയ നാശനഷ്ടമുണ്ടാക്കി.