വൈക്കം: ചെന്പ് കാട്ടിക്കുന്ന് തുരുത്തിനെ പുറം ലോകവുമായി ബന്ധിപ്പിക്കാൻ പുഴയക്ക് കുറുകെപാലം തീർക്കണമെന്നാവശ്യപ്പെട്ട് 170 കുടുംബങ്ങൾ മൂന്നാംഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി മുവാറ്റുപുഴയാറിന്റെ കൈവഴിക്ക് കുറുകെ ശനിയാഴ്ച രാത്രി തീപ്പാലം തീർത്ത് പ്രതിഷേധം ആളിക്കത്തിച്ചിരുന്നു.
50 വർഷത്തിലധികമായി ഒരു കടത്തു വഞ്ചിയെ ആശ്രയിച്ചാണ് കാട്ടിക്കുന്ന് തുരുത്തിലെ നിർധന കുടുംബങ്ങൾ പുറം ലോകത്തെത്തുന്നത്. തുരുത്തിൽ ഒരു വീടു നിർമ്മിക്കുന്നതിനു കെട്ടിട സാമഗ്രികൾ പുഴവക്കത്തെത്തിച്ച് വള്ളത്തിൽ മറുകര എത്തിച്ച ശേഷം കിലോമീറ്ററോളം ചുമന്നുകൊണ്ടു പോകേണ്ട സ്ഥിതിയാണിപ്പോഴുള്ളത്.
തുരുത്തുനിവാസികളുടെ മോട്ടോർ ബൈക്കടക്കമുള്ള വാഹനങ്ങൾ വീട്ടുമുറ്റത്തെത്തിക്കുകയെന്ന ഇവരുടെ ആഗ്രഹം ഒരു വിദൂര സ്വപനമായി അവശേഷിക്കുകയാണ്. ഗതാഗത സൗകര്യമില്ലാത്തതിന്റെ പേരിൽ തുരുത്തുനിവാസികളുടെ വിവാഹത്തെപ്പോലും പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ പ്രതികൂലമായി ബാധിക്കുന്നു.
അതേസമയം വെച്ചൂർ വളച്ച കരിപാലത്തിനായി ഇട്ടുന്പുറം നിവാസികൾ ക്ക് നാൽപത് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പാലം ലഭിച്ചത്. പാലത്തിനായിസമരങ്ങളുടെ പരന്പര തന്നെ പ്രദേശവാസികൾ നടത്തിയിരുന്നു.പാലത്തിനു പല തവണ ഫണ്ട് അനുവദിച്ചിട്ടും നടക്കാതെ വന്നപ്പോൾ പ്രദേശവാസികൾ വെച്ചുൾ ശാസ്തക്കുളം ക്ഷേത്രത്തിലേയ്ക്ക് ദേശ താലപ്പൊലി നടത്താമെന്ന് നേർന്നു.
പാലം തീർന്ന് ഏതാനും വർഷം കഴിഞ്ഞിട്ടും ഏറെ ചെലവുള്ള താലപ്പൊലി നടത്താനായില്ല. ഇതിനിടയിൽ പാലത്തിന്റെ അപ്രോച്ച് റോഡിന് രണ്ടു തവണ വിള്ളൽ വന്ന് അറ്റകുറ്റപണി നടത്തേണ്ടി വന്നു. പിന്നീട് നാട്ടുകാർ പിരിവെടുത്ത് താലപ്പൊലി സംഘടിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് ചെണ്ടമേളം,വെടിക്കെട്ട് എന്നിവയുടെ അകന്പടിയോടെയാണ് ഈട്ടുന്പുറം നിവാസികൾ ജനകീയ താലപ്പൊലി നടത്തിയത്.