പന്തളം: മാര്‍ക്കറ്റിലെ രണ്ട് കടമുറികള്‍ കത്തിനശിച്ചു. ഇന്നലെ രാത്രി 9.30 ഓടെയുണ്ടായ തീ പിടുത്തത്തിലാണ് കടമുറികള്‍ നശിച്ചത്. പന്തളം നഗരസഭയിലെ ഹരിതകര്‍മസേനാംഗങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിച്ചിരുന്ന മുറികളിലാണ് തീപിടുത്തം ഉണ്ടായത്.
ഇതിനു പിന്നില്‍ ദുരൂഹത ആരോപിച്ച് വിവിധ രാഷ്ട്രീയകക്ഷികള്‍ രംഗത്തെത്തി.അടൂരില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്്നശമനസേനാംഗങ്ങള് ഏറെനേരം പണിപെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടി ആയിരുന്നതിനാല്‍ പുക പടലങ്ങള്‍ കിലോമീററുകളോളം പരന്നു.
തീ പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് ഫയര്‍ഫോഴ്സും പോലീസും പറഞ്ഞു. രാത്രിയില്‍ തന്നെ പ്രാഥമികാന്വേഷണം നടത്തി.പന്തളം മാര്‍ക്കറ്റില്‍ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കുന്നതിനെതിരെ കഴിഞ്ഞദിവസം ബിജെപിയുടെ രണ്ട് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തുകയും ഹരിതകര്മസേനാംഗങ്ങളുമായി വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു.
ഇതില്‍ പോലീസ് കേസുമുണ്ട്. ഇതിനിടെ പന്തളത്തു സാനിറ്റേഷന്‍ സൊസൈറ്റി രൂപീകരിച്ചത് നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി സെക്രട്ടറി നല്കിയ റിപ്പോര്‍ട്ടും വിവാദത്തിലായിട്ടുണ്ട്.
നഗരസഭ കൗണ്‍സില്‍ ചട്ടലംഘനം നടത്തുന്നുവെന്നും പിരിച്ചുവിടണമെന്നും നിര്‍ദേശിച്ച് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയതിന്റെ പിന്നാലെ രാഷ്ട്രീയ പോര്‍വിളികളും മറ്റും തുടരുകയാണ്.
ഇതിനിടെയാണ് ഇന്നലെ രാത്രി തീപിടുത്തമുണ്ടായത്. തീ പിടുത്തത്തിനു പിന്നില്‍ ദുരൂഹത ആരോപിച്ച് സിപിഎം രാത്രിയില്‍ തന്നെ പ്രകടനം സംഘടിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.