പെരുമ്പാവൂർ: ഈസ്റ്റ് ഒക്കലിന് സമീപത്തുള്ള പ്ലാസ്റ്റിക്ക് കമ്പനിക്ക് വീണ്ടും തീപിടിച്ചു. ഗോഡൗണിലും മറ്റുമായി പടർന്നുപിടിച്ച തീ അഞ്ച് മണിക്കൂർ പരിശ്രമിച്ചാണ് ഫയർഫോഴ്സ് അണച്ചത്. ഇന്നലെ വൈകിട്ട് ആറോടെയാണു തീ പടർന്നത് കണ്ടത്.
അവധി ദിവസമായിരുന്നതിനാൽ ജോലിക്ക് ആളുകൾ എത്തിയിരുന്നില്ല. പെരുമ്പാവൂർ, അങ്കമാലി എന്നിവടങ്ങളിൽ നിന്നായി നാലു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. പഴയ പ്ലാസ്റ്റിക് ഗോഡൗണാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
രണ്ടു മാസം മുമ്പ് സമാന രീതിയിൽ ഇവിടം തീപിടിച്ചു ലക്ഷകണക്കിനു രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. അങ്കമാലി മാമ്പ്ര സ്വദേശി അൻവറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈസ്റ്റ് ഒക്കൽ ആന്റോപുരത്തുള്ള ഈ കമ്പനി. പഴയ പ്ലാസ്റ്റിക് സാധനങ്ങൾ തരംതിരിക്കുന്ന ജോലിയാണ് ഇവിടെ ചെയ്തുവന്നിരുന്നത്.