തളിപ്പറമ്പ്: വെള്ളാരംപാറ പോലീസ് ഡംപിംഗ് യാര്‍ഡില്‍ ദുരൂഹ സാഹചര്യത്തില്‍ വന്‍ തീപിടിത്തം. ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു തീപിടിത്തം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് വിവരമറിയിച്ചതുപ്രകാരം എത്തിയ അഗ്നിശമനസേനയും പോലീസും ചേര്‍ന്നാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്.
അപ്പോഴേക്കും മൂന്ന് മിനിലോറികളും 2 ഗുഡ്സ് ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും കത്തിനശിച്ചിരുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ പത്തിലേറെ തവണ ഇവിടെ ചെറുതും വലുതുമായ തീപിടിത്തങ്ങളുണ്ടായതായി അഗ്നിശമനസേന പറഞ്ഞു. ഇന്നലെ വൈകുന്നേരം തന്നെ ഇവിടെ മണിക്കൂറുകള്‍ നീണ്ട വന്‍ തീപിടിത്തമുണ്ടായിരുന്നു. ഡംപിംഗ് യാര്‍ഡില്‍ വൈദ്യുതിയോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ ഇരുള്‍മൂടിക്കിടക്കുകയാണ്.
ടിപ്പര്‍ലോറികള്‍, മിനിലോറികള്‍, ഗുഡ്സ് ഓട്ടോറിക്ഷകള്‍, സ്കൂട്ടറുകള് ബൈക്കുകള്‍ എന്നിവയുള്‍പ്പെടെ ആയിരത്തിലേറെ വാഹനങ്ങള്‍ പോലീസ് ഡംപിംഗ് യാര്‍ഡില്‍ സൂക്ഷിച്ചിട്ടുണ്ട്. കാടുകയറികിടക്കുന്നതിനാല്‍ പെട്ടെന്ന് തീപിടിച്ചാല്‍ വാഹനങ്ങളെ തീയില്‍ നിന്ന് രക്ഷിക്കാനാവാത്ത സ്ഥിതിയാണ്.
വിവിധ കേസുകളില്‍ പിടികൂടിയ തൊണ്ടിമുതലായ വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. നേരത്തെ മുതുകുടയില്‍ വെച്ച് പോലീസ് തന്നെ തൊണ്ടിവാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ച് ആക്രിക്കാര്‍ക്ക് വില്പന നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുക്കുകയും അഞ്ച് പോലീസുകാരെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
ഈ സംഭവവും തീവെച്ചതാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണമാരംഭിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യംപോലുമില്ലാത്തതിനാല് ഇവിടെ ഡ്യൂട്ടിനോക്കുന്ന ഹോംഗാര്‍ഡുകള്‍ ദുരിതമനുഭവിക്കുന്ന കാര്യം ഇന്നലെ രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.