പൂച്ചാക്കൽ: മണ്ണെണ്ണ സംഭരണശാലയ്ക്ക് സമീപം തീപിടിച്ചു. ജനം പരിഭ്രാന്തിയിലായി. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. പൂച്ചാക്കൽ പാലത്തിന് സമീപത്തെ മണ്ണെണ്ണ സംഭരണശാലയ്ക്കു സമീപം കൂട്ടിയിട്ടിരുന്ന മാലിന്യക്കൂന്പാരത്തിനാണ് തീപിടിച്ചത്.സമീപത്തെ മണ്ണെണ്ണ സംഭരണ ശാലയ്ക്ക് തീ പടർന്ന് പിടിക്കുമോ എന്ന ആശങ്കയിലായിരുന്നു ജനങ്ങൾ.
പൂച്ചാക്കൽ പാലത്തിന്റെ കിഴക്കുവശമുള്ള ഭാഗത്ത് രാത്രികാലങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നത് പതിവാണ്. ഈ മാലിന്യക്കൂന്പാരത്തിനാണ് സാമൂഹ്യ വിരുദ്ധർ തീയിട്ടത്.തീ പടർന്ന് പിടിച്ചത് ആദ്യം കണ്ട സമീപത്തെ വ്യാപാരി അനിൽകുമാറും നാട്ടുകാരും തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ കൂടുതൽ ഭാഗത്തെക്ക് പടർന്ന് പിടിക്കുന്നത് കണ്ടപ്പോൾ പൂച്ചാക്കൽ പോലീസ് സ്റ്റേഷനിൽ വിവരം അറിച്ചതിനെ തുടർന്ന് ചേർത്തലയിൽ നിന്നും എത്തിയ അക്നിശമന സേന എത്തിയാണ് തീ അണച്ചത്.
പള്ളിപ്പുറം മുതൽ അരൂക്കുറ്റി വരെയുള്ള 50തിൽ പരം റേഷൻ കടകൾക്ക് വിതരണം ചെയ്യാനുള്ള മണ്ണെണ്ണ പൂച്ചാക്കൽ പാലത്തിന് സമീപമുള്ള സംഭരണ കേന്ദ്രത്തിലാണ് സൂക്ഷിക്കുന്നത്. നാട്ടുകാരുടെയും പൂച്ചാക്കൽ പോലീസ് ഉദ്ദോഗസ്ഥരുടെയും സമയോജിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴുവായത്. ചേർത്തല അരൂക്കുറ്റി റൂട്ടിലാണ് പൂച്ചാക്കൽ പാലം സ്ഥിതി ചെയ്യുന്നത്. ഇവിടെ മാലിന്യം തള്ളുന്നത് പതിവാണ്.
പാലത്തിന്റെ ഇരുവശത്തും ആൾ പൊക്കത്തിൽ പുല്ലുകൾ വളർന്നു നിൽക്കുകയായിരുന്നു. കടുത്ത ചൂടിൽ പുല്ലുകൾ ഉണങ്ങി കരിഞ്ഞ നിലയിലാണ്. കൂടാതെ ഇവിടെ വാഹനങ്ങളിൽ കൊണ്ടു വന്നു പ്ലാസ്റ്റിക് അവശിഷ്ടങ്ങളു മറ്റും നിക്ഷേപിക്കുന്നതും തീ പടർന്നു പിടിക്കാൻ കാരണമായി. മാലിന്യം തള്ളുന്നത് പതിവായതിനെ തുടർന്ന് തൈക്കാട്ടുശേരി പഞ്ചായത്ത് അധികൃതർക്ക് രേഖാമൂലം പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല എന്ന് അക്ഷേപം ഉണ്ട്. മാലിന്യ നിക്ഷേപകരെ പിടികൂടാൻ കാമറകൾ സ്ഥാപിക്കും എന്ന് പഞ്ചായത്ത് അധികൃതരുടെ വാക്കിന് വർഷങ്ങളുടെ പഴക്കം ഉണ്ട്.