കരുനാഗപ്പള്ളി: ചിറ്റുംമൂല റെയിൽവേ ഗേറ്റിനു സമീപം റെയിൽവേയുടെ ഇലക്ട്രിക് ലൈൻ പൊട്ടിവീണ് തീ പിടിച്ചു. ഇതേത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയിലും കാറ്റിലും ആഞ്ഞിലിമരം ഒടിഞ്ഞു വീണതിനെത്തുടർന്ന് വലിയ ശബ്ദത്തോടെ ലൈൻ പൊട്ടി മാറുകയും തീപിടിക്കുകയുമായിരുന്നു.
ഇന്നലെ രാത്രി ഒൻപതോടെ ചിറ്റുമൂല ലെവൽ ക്രോസിന് വടക്കുവശം തഴവ ,കടത്തൂർ വിളയിൽ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ഇതോടെ തിരുവനന്തപുരത്ത് നിന്നും ഡെൽഹിയിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് കരുനാഗപ്പള്ളി സ്റ്റേഷനിൽ പിടിച്ചിട്ടു.
കരുനാഗപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് സംഘമെത്തി മരം മുറിച്ചു മാറ്റി. രാജധാനി എക്സ്പ്രസിൽ മുന്നൂറിലധികം യാത്രക്കാരും ഉണ്ടായിരുന്നു.
രാത്രി വൈകിയും റെയിൽവേ എൻജിനിയറിംങ് സംഘമെത്തി ലൈൻ പുനസ്ഥാപിക്കാനുള്ള ജോലികൾ പൂർത്തിയാക്കി 10.30 ഓടെ ഒരു ട്രാക്കിൽ കൂടി ട്രയിൻ കടത്തിവിട്ടു. മറ്റേ ട്രാക്കിലെ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികളും പൂർത്തിയായി.