പത്തനംതിട്ട: ബഹുനില മന്ദിരങ്ങളിലെ അഗ്നിബാധയും അതിനോടനുബന്ധിച്ചുണ്ടാകുന്ന അപകടങ്ങളും തടയുന്നതിനും അഗ്നി സുരക്ഷസംവിധാനങ്ങള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതിനും നിര്‍ദേശം നല്കി ജില്ലാ കളക്ടര്‍ പി. ബി. നൂഹ് ഉത്തരവിറക്കി.
സംസ്ഥാനത്തുടനീളം വ്യവസായ കേന്ദ്രങ്ങളിലും വാണിജ്യകേന്ദ്രങ്ങളിലും ഉയര്‍ന്ന കെട്ടിടങ്ങളിലും അഗ്നിബാധയും അപകടങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തില്‍ അഗ്നിസുരക്ഷസംവിധാനങ്ങള് വേണ്ട രീതിയില്‍ പരിപാലിക്കപ്പെടുന്നതിലേക്കും 2005 ദുരന്തനിവാരണ വകുപ്പ് 30 (23) പ്രകാരമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.
വ്യവസായ വാണിജ്യസ്ഥാപനങ്ങള്‍, ഫ്ളാറ്റുകള്‍, വീടുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍ മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആവശ്യമായ അഗ്നി സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടോയെന്ന് ഏഴ് ദിവസത്തിനകം പരിശോധിക്കണം. ഇതിനായി ജില്ലയിലെ ഫയര്‍ സ്റ്റേഷന് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി.
ഇത്തരം പരിശോധനയില്‍ കണ്ടെത്തുന്ന അപാകതകള്‍ ഏഴ് ദിവസത്തിനകം പരിഹരിക്കണമെന്ന് ബന്ധപ്പെട്ട സ്ഥാപന മേധാവി അല്ലെങ്കില്‍ ഉടമയക്ക് ഫയര്സ്റ്റേഷന് ഓഫീസര്‍മാര്‍ നേരിട്ട് നോട്ടീസ് നല്‍കും. നോട്ടീസ് സമയപരിധിക്ക് ശേഷം അപാകതകള്‍ പരിഹരിക്കാത്ത പക്ഷം ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ജില്ലാ ദുരന്തനിവാരണ അഥോറിറ്റിക്ക് ജില്ലാ ഫയര്‍ ഓഫീസര്‍ സമര്‍പ്പിക്കണം.
ജില്ലാ ഫയര്‍ ഓഫീസര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുള്ള അപാകതകള്‍ അഞ്ച് ദിവസത്തിനകം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപന മേധാവി അല്ലെങ്കില്‍ ഉടമയക്ക് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി നേരിട്ട് നോട്ടീസ് നല്‍കണം.സമയപരിധിക്കകം പാലിക്കപ്പെടാത്ത പക്ഷം ദുരന്തനിവാരണ നിയമപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.
ജില്ലാ ദുരന്തനിവാരണ അഥോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള നോട്ടീസ് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്ത സ്ഥാപന മേധാവിക്കെതിരെ 2005 ലെ ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം ഒരു വര്‍ഷം വരെയുള്ള തടവ് ശിക്ഷയോ കെട്ടിടത്തിന്റെ ബില്‍ഡപ്പ് ഏരിയയുടെ ഓരോ ചതുരശ്ര മീറ്ററിനും 10 രൂപ എന്ന നിരക്കില്‍ പിഴ ചുമത്തുന്നതോ, ഇവ രണ്ടും കൂടിയോ വിധേയമാക്കും. ഇത്തരത്തില്‍ ഈടാക്കുന്ന കുറഞ്ഞ പിഴ 50,000 രൂപ ആയിരിക്കും.
അന്തരീക്ഷ താപനില വർധിച്ചു വരുന്ന സാഹചര്യത്തില്‍ ഡമ്പിംഗ് യാര്‍ഡുകളില്‍ മാലിന്യങ്ങളും മറ്റും കത്തിക്കുമ്പോള്‍ പൊതുജന ങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്, തീ പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.