തിരുവനന്തപുരം: കുണ്ടമണ്‍കടവിലുള്ള സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ സത്യം വൈകാതെ തെളിയുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റടുത്തതിന് പിന്നാലെ ആശ്രമം സന്ദർശിച്ചപ്പോഴാണ് തച്ചങ്കരി ഇക്കാര്യം പറഞ്ഞത്. പ്രാഥമിക അന്വേഷണം എന്ന നിലയിൽ ക്രൈംബ്രാഞ്ച് സംഘം സന്ദീപാനന്ദഗിരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിലെ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
സംഭവം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്തിയില്ലെന്ന സന്ദീപാനന്ദഗിരിയുടെ പരാതിയെ തുടർന്ന് മുഖ്യമന്ത്രിയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സംഭവത്തിന് പിന്നിൽ ആരാണെന്ന സൂചന പോലും നൽകാൻ പോലീസിനായിട്ടില്ല. അതിനിടെ സ്ഥലത്തു നിന്നും ഒരാൾ ഓടിപ്പോകുന്നത് കണ്ടു എന്ന പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രേഖചിത്രം തയാറാക്കിയെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല.
ഇതിനിടെ സ്വാമിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ തന്നെയാണ് ആശ്രമം കത്തിച്ചതെന്ന ആരോപണങ്ങളും ഉയർന്നു. ഇതോടെയാണ് സ്വാമി സന്ദീപാനന്ദഗിരി തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി സമീപിച്ചത്. പ്രതികളെ സംരക്ഷിക്കാനാണ് ലോക്കൽ പോലീസ് ശ്രമിച്ചതെന്ന ആക്ഷേപവും അദ്ദേഹത്തിനുണ്ട്.
ശബരിമല യുവതീപ്രവേശന വിഷയം കത്തിനിൽക്കുന്നതിനിടെയാണ് യുവതീപ്രവേശനത്തെ അനുകൂലിച്ച് സ്വാമി രംഗത്തുവന്നത്. ഈ സമയമാണ് ആശ്രമത്തിനെതിരേ ആക്രമണമുണ്ടായത്. സംഘപരിവാർ സംഘടനകളിലേക്കാണ് എൽഡിഎഫ് നേതാക്കളും സ്വാമിയും വിരൽചൂണ്ടിയതെങ്കിലും ഒരു തെളിവും പോലീസിന് ലഭിച്ചില്ല. ആക്രമണമുണ്ടായതിന് പിന്നാലെ മുഖ്യമന്ത്രി ആശ്രമം സന്ദർശിച്ചതും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.