പയ്യന്നൂര്‍:പയ്യന്നൂരില്‍ മാധ്യമപ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടര്‍ കത്തിച്ചു.സ്കൂട്ടറില്‍ നിന്നും വീട്ടിലേക്കും തീ പടര്‍ന്നു. പയ്യന്നൂരിൽ നിന്നും പ്രസിദീകരിക്കുന്ന മലബാര്‍ പത്രത്തിന്റെ എഡിറ്റര്‍ കൊക്കാനിശേരി മാരാര്‍ജി മന്ദിരത്തിന് സമീപത്തെ ബി. സന്തോഷ്കുമാറിന്റെ വീട്ടിലാണ് അതിക്രമം നടന്നത്.
ഇന്നലെ രാത്രി 10.45 ഓടെ വീട്ടുകാര്‍ ഉറങ്ങാന്‍കിടന്ന ശേഷം 11.15 ഓടെയാണ് സംഭവം.വീടിന്റെ രണ്ടുഗേറ്റുകളും പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സന്തോഷ്കുമാറിന്റെ സഹോദരന് മനോജ്കുമാറിന്റെ മൂന്നു മാസം മാത്രം പഴക്കമുള്ള കെഎല്‍ 59 ക്യു 2184 ആക്ടീവ സ്കൂട്ടറിനാണ് തീവെച്ചത്.തായിനേരി അര്‍ബന്‍ ബാങ്ക് മാനേജരാണ് മനോജ്കുമാര്‍. സന്തോഷ്കുമാറും മനോജ്കുമാറും ഇവരുടെ സഹോദരന് മണത്തണ ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപകനായ മഹേഷും ഈ വീട്ടിലാണ് താമസം.
സ്കൂട്ടറില്‍നിന്നും ആളിപ്പടര്‍ന്ന തീയില്‍ സമീപത്തെ ജനലിന് തീപിടിച്ച് ഗ്ലാസുകള്‍ പെട്ടിത്തെറിച്ചു.ഇതോടെ മുറിക്കകത്തേക്ക് തീയും പുകയും ചൂടുമെത്തിയപ്പോഴാണ് ഉറങ്ങിക്കിടന്നിരുന്ന സന്തോഷ്കുമാറും കുടുംബവും പുറത്ത് കത്തുന്നതറിഞ്ഞത്. ഫയര്‍ഫോഴ്സും പോലീസുമെത്തി തീയണയ്ക്കുമ്പോഴേക്കും സ്കൂട്ടറും ജനലും പൂര്‍ണമായും കത്തി നശിച്ചിരുന്നു.
പൂട്ടിയിട്ടിരുന്ന ഗേറ്റുകള്‍ക്ക് മുകളിലൂടെയാണ് അക്രമി അകത്ത് കടന്നതെന്നാണ് അനുമാനം.ഇവിടെ നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുള്ളതിനാല്‍ ഇതിനെ ദൃശ്യങ്ങള്‍ പരിശോധനാ വിധേയമാക്കി കുറ്റവാളിയെ കണ്ടെത്താനാകുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.