തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തം യാദൃശ്ചികമല്ലെന്ന് ചെന്നിത്തല പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയെ രക്ഷിക്കാനാണ് ഫയലുകൾ നശിപ്പിച്ചത്. തീപിടിത്തം അട്ടിമറിയാണെന്നും അദ്ദേഹം ആരോപിച്ചു.
ചീഫ് സെക്രട്ടറി അവിശ്വാസ് മേത്തയായെന്നും ചെന്നിത്തല പറഞ്ഞു. സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിലുള്ള പൊളിറ്റിക്കൽ വിഭാഗത്തിലും പ്രോട്ടോക്കോൾ ഓഫീസിലുമാണ് ചൊവ്വാഴ്ച വൈകുന്നേരം തീപിടിത്തമുണ്ടായത്.
പ്രധാന ഫയലുകളും കത്തിപ്പോയതിൽ ഉൾപ്പെടുമെന്നാണു വിവരം. എന്നാൽ, പ്രധാന ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു പൊതുഭരണവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രോട്ടോക്കോൾ ഓഫീസറോടു ചില രേഖകൾ ആവശ്യപ്പെട്ടിരുന്നു. ലഭ്യമായ രേഖകൾ എൻഫോഴ്സ്മെന്റിനു നൽകിയതായി ചീഫ് സെക്രട്ടറി നേരത്തേ അറിയിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര ഏജൻസികൾ തേടുന്ന രേഖകൾ സൂക്ഷിച്ചിരിക്കുന്ന ഓഫീസിലുണ്ടായ തീപിടിത്തം വളരെ വേഗം രാഷ്ട്രീയ പ്രാധാന്യം നേടിയിരുന്നു.