ചാലക്കുടി: ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ രാപ്പകലില്ലാതെ അധ്വാനിക്കുന്ന ഫയർഫോഴ്സ് ജീവനക്കാർ തലചായ്ക്കാനിടമില്ലാതെ ദുരിതത്തിലായി. ചാലക്കുടി അഗ്നിസുരക്ഷാ നിലയത്തിലെ അവസ്ഥ പരിതാപകരമാണ്. 32 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
എന്നാൽ വളരെ ഇടുങ്ങിയ കെട്ടിടത്തിൽ പരിമിത സൗകര്യമുള്ള ഇവിടെ വിശ്രമിക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്. അടുത്ത സ്വകാര്യ കെട്ടിടത്തിലെ ഒഴിഞ്ഞ കടമുറികളിലാണ് ഇവർ വിശ്രമിക്കുന്നത്.
കോവിഡ് കാലത്തg 24 മണിക്കൂറും അണുവിമുക്ത പ്രവർത്തനങ്ങളും, രക്ഷാപ്രവർത്തനങ്ങളുമായി ഇവർ വിശ്രമില്ലാതെ ജോലി ചെയ്യുകയാണ്. നഗരസഭയുടെ പഴയ ബസ് സ്റ്റാൻഡായിരുന്ന കെട്ടിടത്തിലാണു ഫയർഫോഴ്സ് ഇപ്പോഴും പ്രവർത്തിക്കുന്നത്.
മൂന്നു ഫയർ എൻജിനുകളും ആംബുലൻസും ജീപ്പും ഈ സ്ഥലത്തുതന്നെ പാർക്കു ചെയ്യുന്നുണ്ട്. അഗ്നി രക്ഷാ നിലയത്തിനു പുതിയ സ്ഥലവും കെട്ടിടവും അനുവദിക്കുമെന്നു പറഞ്ഞുതുടങ്ങിയിട്ടു കാലമേറെയായി. പല പ്രഖ്യാപനങ്ങളും ഉണ്ടായെങ്കിലും ഇനിയും സ്ഥലം അനുവദിച്ചിട്ടില്ല.
ഒടുവിൽ പിഡബ്ല്യുഡി വർക്ക് ഷോപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്. സ്ഥലം അളന്നുതിരിച്ചു കിട്ടിയിട്ടുണ്ടെങ്കിലും പിഡബ്ലുഡിയുടെ എൻ ഒ സി ലഭിച്ചിട്ടില്ല. കോവിഡ് വന്നതോടെ ഇക്കാര്യവും അവതാളത്തിലായി.